സ്കൂൾ ദിനങ്ങൾ നഷ്ടമാകില്ലെന്ന് ഉറപ്പാക്കിയില്ലെങ്കിൽ കടുത്ത പിഴ നൽകേണ്ടി വരും

നാട്ടില്‍ അവധിയ്ക്ക് പോകുന്ന മലയാളി കുടുംബങ്ങള്‍ കുട്ടികളുടെ സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമാകുന്നില്ലെന്നു ഉറപ്പാക്കിയില്ലെങ്കില്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും. കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്നത് കോടതി കയറുന്ന സ്ഥിതിയിലെത്തിയതോടെയാണിത്. ടേം ബ്രേക്കിന് ശേഷം രണ്ട് ദിവസം താമസിച്ച് സ്കൂളില്‍ ഹാജരായതിന് അമ്മയെ കോടതിയില്‍ ഹാജരാക്കി പിഴ ചുമത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഓരോ വര്‍ഷവും സ്കൂളുകളില്‍ ഹാജരാകാത്തവരുടെ നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകളില്‍ ഹാജരാകാത്തത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്നതു മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്കൂളുകളില്‍ നിന്നു മുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പല ക്രിമിനല്‍ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ചതിക്കുഴിയില്‍ പെടുന്ന ദുരിത സംഭവവും കുറവല്ല. സ്കൂളുകള്‍ക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിനെ ഒ പരിമിതികള്‍ ഉണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറല്‍ സെക്രട്ടറി പെപ്പെ ഡി എന്റെ ഇയാസിയോ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റ് ഏജന്‍സികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനു വേണ്ടതെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഹാജര്‍ നില മെച്ചപ്പെടുത്തുന്നതിന് പിഴ ഈടാക്കുന്ന നടപടി യുകെയില്‍ നിലവിലുണ്ട്. സെപ്റ്റംബറില്‍, ഇംഗ്ലണ്ടിലെ സ്കൂള്‍ ഹാജര്‍ പിഴകള്‍ 60 പൗണ്ടില്‍ നിന്ന് 80 പൗണ്ടായി ഉയര്‍ന്നു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹാജര്‍ മെച്ചപ്പെടുത്തുന്നതിന് വേഗത്തില്‍ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ആഹ്വാനം ചെയ്തിരുന്നു.