ഇന്ത്യയിലെ പ്രായം കുറഞ്ഞ കോടീശ്വരൻ; ആരാണ് പതിനേഴു മാസം പ്രായമുള്ള ഏകാഗ്ര



ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ 17 മാസം മാത്രം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് ആകെ 10.65 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിച്ചത്. മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്കിന്റെയും പെണ്‍മക്കളാണ്.

മാസങ്ങള്‍ക്ക് മുന്‍പ് ഏകാഗ്രയ്ക്ക് നാല് മാസം പ്രായമുള്ളപ്പോള്‍ 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തി സമ്മാനിച്ചത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ  പ്രായം കുറഞ്ഞ കോടീശ്വരനായ ഓഹരി ഉടമയായി ഏകാഗ്ര മാറുകയായിരുന്നു. മൂന്ന് തവണയാണ് ഏകാഗ്രയ്ക്ക് ലാഭവിഹിതം ലഭിച്ചത്.
ഈ വര്‍ഷം ആദ്യം ഇടക്കാല ലാഭവിഹിതത്തിലൂടെ ഏകാഗ്ര 7.35 കോടി രൂപ നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ലാഭവിഹിതമായി 10.65 കോടി രൂപയാണ് ലഭിക്കുക.