മാർപാപ്പയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ചാൾസ് രാജാവ്; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ  സ്റ്റാർമെറും അനുശോചിച്ചു*




ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച്  ബ്രിട്ടനിലെ ചാൾസ് രാജാവും കാമിലാ രാജ്ഞിയും. ലോകമെമ്പാടുമുള്ളവർക്ക് മാർപാപ്പ നൽകുന്ന സേവനങ്ങളെയും സഭയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അടയാളമാണ്. മാർപാപ്പയുടെ വേർപാടിൽ അഗാധമായ ദുഃഖം ഉണ്ടെങ്കിലും, ലോകത്തോട് വിട പറയും മുൻപ് ഇത്രയും കാലം ഭക്തിയോടെ താൻ സേവിച്ച സഭയോടും ലോകത്തോടും ഈസ്റ്റർ ആശംസകൾ പങ്കുവെക്കാൻ മാർപ്പാപ്പയ്ക്ക് കഴിഞ്ഞത് ദുഃഖത്തെ ഒരു പരിധിവരെ ലഘൂകരിക്കുന്നതായി  ചാൾസ് രാജാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഈ മാസം ഒൻപതിനാണ്  ചാൾസ് രാജാവും ഭാര്യ കാമിലാ രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. ഇരുപത് മിനിറ്റോളം നീണ്ടുനിന്ന സ്വകാര്യ കൂടിക്കാഴ്ചയിൽ മാർപാപ്പ ഇരുവർക്കും ഹസ്തദാനം നൽകുകയും വിവാഹ വാർഷിക ആശംസകൾ നേരുകയും ചെയ്തു.

അനുകമ്പ, ആഗോള കത്തോലിക്കാ സഭയുടെ ഐക്യത്തിനായുള്ള കരുതൽ, പൊതുവായ കാര്യങ്ങളിലെ അശ്രാന്തമായ പ്രതിബദ്ധത, ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ഫ്രാൻസിസ് മാർപാപ്പയെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണെന്ന് ചാൾസ് രാജാവിനു വേണ്ടി ബ്രിട്ടനിലെ ബക്കിങ്ങാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



ലോകത്തിലുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയുടെ  വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ  സ്റ്റാർമെർ പറഞ്ഞു. ആഗോള കത്തോലിക്കാ സഭയെ ധൈര്യപൂർവ്വം നയിച്ച നേതൃത്വം ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേതെന്നും അഗാധമായ എളിമയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദരിദ്രരുടെയും അധഃസ്ഥിതരുടെയും മറക്കപ്പെട്ടവരുടെയും പക്ഷത്തു നിൽക്കുന്ന നേതാവായിരുന്നു മാർപാപ്പ. യുദ്ധം, പട്ടിണി, പീഡനം, ദാരിദ്ര്യം എന്നിവ അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികളെ കാണാൻ അദ്ദേഹം സമയം കണ്ടെത്തി. മനുഷ്യന്റെ ദുർബലതകളോട് ചേർന്നുനിൽക്കുമ്പോഴും മെച്ചപ്പെട്ട ലോകത്തിനായി ഊർജസ്വലമായ പ്രത്യാശ അദ്ദേഹം പുലർത്തുന്നുവെന്നും കെയർ  സ്റ്റാമെർ കൂട്ടിച്ചേർത്തു