ബാങ്ക് ഓഫ് ഇംഗ്ലണ്ട് യുകെയിലെ അടിസ്ഥാന പലിശ നിരക്ക് 4.5 ശതമാനമായി നിലനിര്‍ത്തി. തീരുമാനം മോര്‍ട്ട്ഗേജ് വിപണിയെ നിരാശയിലാഴ്ത്തി. യുകെയില്‍ ആകെ 6 ലക്ഷം ഭവന ഉടമകള്‍ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകള്‍ അനുസരിച്ച് മാറുന്ന മോര്‍ട്ട്ഗേജ് ഉണ്ട്. നിലവില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവുകളില്‍ ബാങ്കിന്റെ തീരുമാനം ഉടനടി സ്വാധീനം ചെലുത്തുന്നില്ല.
പലിശ നിരക്ക് നിശ്ചയിക്കുന്ന ബാങ്കിന്റെ അവലോകന യോഗത്തില്‍ ഒരാളൊഴിച്ച് എല്ലാവരും പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് അനുകൂലിച്ചത്. ഇപ്പോള്‍ വളരെയധികം സാമ്പത്തിക അനശ്ചിതത്വമുണ്ടെന്നും ആഗോള , അഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് സൂക്ഷ്മമായി വിശകലനം നടത്തിവരികയാണെന്നും ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളെ വിശദീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.
നിലവില്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ കുറയാനുള്ള സാധ്യത ഉണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു.
ഈ വര്‍ഷം തന്നെ നിരക്കുകള്‍ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ അടുത്ത മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന അവലോകന യോഗത്തില്‍ തന്നെ നിരക്കുകള്‍ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം കുറച്ചു കൊണ്ടുവന്ന് സ്ഥിരത കൈവരിക്കുക എന്നത് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവില്‍ യുകെയിലെ പണപ്പെരുപ്പം 3 ശതമാനമാണ്. പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തില്‍ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.
ഫെബ്രുവരി ആദ്യമാണ് അടിസ്ഥാന പലിശ നിരക്കുകള്‍ 4.75 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2025 ലെ വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .
എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വര്‍ധനയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമാണുള്ളത്.