ബ്രിട്ടണിൽ പാസ്പോർട്ട് പരിശോധനയ്ക്ക് പകരം ഫേഷ്യൽ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ സംവിധാനം

ഒഴിവുകാല യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ക്യൂവില്‍ നിന്ന് പാസ്സ്‌പോര്‍ട്ട് പരിശോധന നടത്തേണ്ടതായി വരില്ല. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാസ്സ്‌പോര്‍ട്ട് സ്‌കാനിംഗ് ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന നിമിഷം തന്നെ വിമാനത്താവളത്തില്‍ വിവരങ്ങൾ സ്‌കാൻ ചെയ്തിരിക്കും. ഇതിനാൽ പാസ്സ്‌പോര്‍ട്ട് പരിശോധനയ്ക്കായി സമയം ചെലവഴിക്കാതെ നേരിട്ട് പുറത്തേയ്ക്ക് പോകാൻ കഴിയും.
തുറമുഖങ്ങള്‍ വഴി മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഈ സംവിധാനം ലഭ്യമാണ്. കോണ്‍ടാക്റ്റ് ലെസ്സ് വരാന്തകള്‍ വഴി അവര്‍ക്ക് പുറത്തെത്താന്‍ കഴിയും. സര്‍ക്കാരില്‍ നിന്നുള്ള പാസ്സ്‌പോര്‍ട്ട്, കാർ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് ക്യാമറയിലൂടെ യാത്രികരുടെ ഐഡന്റിറ്റി ഉറപ്പാക്കും. നാല് കമ്പനികള്‍ രൂപകല്പന ചെയ്ത ഈ സാങ്കേതിക വിദ്യ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ബ്രിട്ടനിലെ നാല് വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും എന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനിലെത്തുന്ന വിദേശികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍, അതിനായി അവരുടെ വിവരങ്ങളും ബയോമെട്രിക് വിശദാംശങ്ങളും യാത്ര ആരംഭിക്കുന്നതിനു മുന്‍പായി ആപ്പ് വഴി നല്‍കേണ്ടതായി വരും. ബ്രിട്ടീഷ് ഐറിഷ് പൗരന്മാര്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ തന്നെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.