മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാർഥം സാഹസിക കാർ യാത്രയ്ക്ക് തയ്യാറെടുത്ത് നാലംഗ മലയാളികൾ. ഏപ്രിൽ 14ന് എയർപോർട്ടിന് സമീപം മോസ് നൂക്ക് ഇന്ത്യൻ റസ്റ്ററന്റ് പരിസരത്ത് നിന്നും യാത്രയ്ക്ക് തുടക്കമാകും. സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി.മാണി എന്നിവരാണ് സംഘത്തിലുള്ളത്.
14 ന് രാവിലെ 11നും 12നും ഇടയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ എത്തിച്ചേരും.
വർഷങ്ങളായുള്ള തയാറെടുപ്പുകളാണ് യാത്രയുടെ പിന്നിലുള്ളത്. 14ന് ആരംഭിക്കുന്ന സാഹസിക യാത്ര ബ്രിട്ടണിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, തുർക്കി, ജോർജിയ, റഷ്യ, കസഖ്സ്ഥാൻ, ചൈന എന്നിവിടങ്ങളിലൂടെ നേപ്പാൾ വഴി കേരളത്തിലെത്തും. ഏകദേശം 60 ദിവസങ്ങൾ കൊണ്ട് രണ്ട് ഭൂഖണ്ഡങ്ങളും 20 രാജ്യങ്ങളും സഞ്ചരിച്ചാണ് സംഘം കേരളത്തിലെത്തുന്നത്. കേരളത്തിൽ നിന്നും ഓഗസ്റ്റ് 20ന് ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയിലൂടെ അനേകം രാജ്യങ്ങൾ കാണുവാനും അവരുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കുവാൻ സാധിക്കുമെന്നുള്ള വലിയ ആത്മവിശ്വാസത്തിലാണ് യാത്രികർ. അതേസമയം അനേകായിരം കാൻസർ രോഗികൾക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്റ്ററിലെ കാൻസർ ചികിത്സാ കേന്ദ്രമായ ക്രിസ്റ്റി ആശുപത്രിയിലേക്കുള്ള ധനശേഖരണവും യാത്രയുടെ പ്രധാന ലക്ഷ്യമാണ്.
