അമേരിക്കയുടെ പകരച്ചുങ്കത്തിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദന വൈവിധ്യവത്കരണത്തിന് ലാപ്ടോപ് കമ്പനികൾ. ഇതിനായി ഇന്ത്യയിലെ കരാർ കമ്പനികളുമായി ചർച്ചകൾ ശക്തിപ്പെടുത്തുകയാണ്. അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരയുദ്ധം ശക്തമാകുകയും തീരുവ 125 ശതമാനം വരെ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ.
ചൈനയിൽനിന്ന് ലാപ്ടോപ്പുകളും,ഐടി ഹാർഡ്‌വെയർ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് യുഎസിൽ ട്രംപ് ഭരണകൂടം തീരുവ ഒഴിവാക്കി നൽകിയിട്ടുണ്ട്. എങ്കിലും കമ്പനികൾ ചൈനയ്ക്കു പുറത്തേക്കു
ഉത്പാദനം വിപുലീകരിക്കാൻ ശ്രമിച്ചു വരുകയാണ്. നിലവിലെ ശേഷിവെച്ച് ഇന്ത്യയിലേക്കുള്ള 10 മുതൽ 20 ശതമാനം വരെ ലാപ്ടോപ് ഇറക്കുമതി ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ കരാർ നിർമാണ കമ്പനികൾ ശേഷി കൂട്ടാൻ ശ്രമം നടത്തുകയാണ്.
അസൂസ്, ലെനോവോ, എച്ച്പി എന്നിവ ഇന്ത്യയിൽ ഉത്പാദനം കൂട്ടാൻ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനേസറിൽ വിവിഡിഎൻ ടെക്നോളജീസിന്റെ കേന്ദ്രത്തിൽ അസൂസ് അസംബ്ലിങ്ങിനു തുടക്കം കുറിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള സിർമ എസ്ജിഎസ് ലാപ്ടോപ് നിർമാണത്തിനായി
തായ്‌വാൻ കമ്പനിയായ എംഎസ്ഐയുമായി ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞു. മറ്റൊരു കരാർ കമ്പനിയായ ഡിക്സൺ ടെക്നോളജീസ് ഇതിനകം തമിഴ്നാട്ടിൽ ഉത്പാദനകേന്ദ്രത്തിനായി 1000 കോടിയോളം രൂപയുടെ നിക്ഷേപംനടത്തിയിട്ടുണ്ട്. എച്ച്പി കമ്പനിക്കായി ലാപ്ടോപ് നിർമിക്കുന്നതിനാണ് പദ്ധതി.