ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ക്കു മുൻപേ ഓഹരികള്‍ വിറ്റഴിച്ച്‌ ഫേസ്ബുക്കും ഓറക്കിളും ജെപി മോര്‍ഗനും.

ട്രംപിന്റെ വിവാദമായ താരിഫ് പ്രഖ്യാപനങ്ങള്‍ക്കുമുമ്ബേ കോടീശ്വരമാര്‍ തങ്ങളുടെ കോടിക്കണക്കിനു ഡോളറിന്റെ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

മെറ്റ (ഫേസ്ബുക്ക്) സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡൈമണ്‍, ഓറക്കിള്‍ സിഇഒ സഫ്ര കാറ്റ്‌സ് എന്നിവര്‍ ട്രംപിന്റെ നികുതി പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നതിനു മുമ്ബേ വിറ്റഴിച്ചെന്നാണു റിപ്പോര്‍ട്ട്. ഇതിലൂടെ ഇവര്‍ സമ്ബാദിച്ചുകൂട്ടിയത് ദശലക്ഷക്കണക്കിനു ഡോളറാണ്.

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍തന്നെ 773 മില്യണ്‍ ഡോളറിന്റെ 1.1 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. ചാന്‍ സക്കര്‍ബര്‍ ഇനിഷ്യേറ്റീവിന്റെയും അനുബന്ധ ഫൗണ്ടേഷനുകളിലൂടെയുമാണ് അദ്ദേഹം വിറ്റഴിക്കല്‍ നടത്തിയത്. മെറ്റയുടെ ഓഹരിമൂല്യം 600 ഡോളര്‍ ആയി നില്‍ക്കുമ്ബോള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു വിറ്റഴിക്കല്‍. നികുതി പ്രഖ്യാപനത്തിനുശേഷം ഓഹരിമൂല്യത്തില്‍ 32 ശതമാനം ഇടിവുണ്ടായി.

ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോയുടെ സിഇഒ ആയ ജാമി ഡൈമണും സമാന രീതിയില്‍ ഓഹരികള്‍ വിറ്റഴിച്ചു. 234 ദശലക്ഷം ഡോളറിന്റെ ഓഹരികളാണു വിറ്റത്. ബ്ലൂംബെര്‍ഗിന്റ കണക്കനുസരിച്ച്‌ ഡൈമണിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.

ഓറക്കിള്‍ സിഇഒ സാഫ്ര കാറ്റ്‌സ് 705 ദശലക്ഷം ഡോളറിന്റെ 3.8 ദലക്ഷം ഓഹരികളാണു വിറ്റഴിച്ചത്. തികുതി പ്രഖ്യാപനത്തിനുശേഷം ഓറക്കിളിന്റെ ഓഹരിവില 30 ശതമാനം ഇടിഞ്ഞു. ഇവരുടെ ആകെ ആസ്തി 2.4 ബില്യണാണ്.

ഇതിനുപുറമേ, പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സിന്റെ ചെയര്‍മാനും സിഇഒയുമായ നികേഷ് അറോസ 43.3 കോടിയുടെ 23.7 ലക്ഷം ഓഹരികളും പാലന്റീര്‍ ടെക്‌നോളജീസ് പ്രസിഡന്റ് സ്റ്റീഫന്‍ കോഹന്‍ 33.7 കോടിയുടെ 40.6 ലക്ഷം ഓഹരികളും വിറ്റഴിച്ചു.

‘വിമോചന ദിന’മെന്നു പേരിട്ട് ഏപ്രില്‍ രണ്ടിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നികുതികള്‍ പ്രഖ്യാപിച്ചതിനുശേഷം ആഗോള ഓഹരികളില്‍ വന്‍ തിരിച്ചടിയാണുണ്ടായത്. അദ്ദേഹത്തിന്റെ അടുപ്പക്കാരനായ ഇലോണ്‍ മസ്‌കിന്റെ കമ്ബനികളുടെ ഓഹരികളുടെ വിലയും കുത്തനെ ഇടിഞ്ഞു. അമേരിക്കയിലേക്കുള്ള ഇറക്കുമതിയെ കാര്യമായി ബാധിക്കുമെന്നു വ്യക്തമായതാണ് വിപണിയില്‍ വന്‍ തിരിച്ചടിക്ക് ഇടയാക്കിയത്. അമേരിക്കന്‍ ഓഹരി മൂല്യം കണക്കാക്കിയാല്‍ 6.6 ട്രില്യണ്‍ ഡോളറാണ് വിപണിയില്‍ നഷ്ടമുണ്ടായത്.

എല്ലാ മേഖലയ്ക്കുമൊപ്പം ടെക്‌നോളജി മേഖലയിലും വന്‍ തിരിച്ചടിയുണ്ടായി. ഇലോണ്‍ മസ്‌കിനിന്റെ ആകെ സമ്ബത്തില്‍ 129 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. ടെസ്ലയ്ക്കും വന്‍ തിരിച്ചടി നേരിട്ടു.

വിപണി ആടിയുലയുമ്ബോള്‍ ഇക്കാര്യം നേരത്തെ മനസിലാക്കിയ ചിലര്‍ ഇടിഞ്ഞ ഓഹരികള്‍ വാങ്ങിക്കൂട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി കമ്ബനികളില്‍ ഇവരുടെ സ്വാധീനവും വര്‍ധിപ്പിച്ചു. സക്കര്‍ബര്‍ഗ്, സഫ്ര കാറ്റ്‌സ് എന്നിവര്‍ ഓഹികള്‍ വ്യാപകമായി വിറ്റഴിച്ചത് ചില സംശയത്തിനും ഇടയാക്കിയിട്ടുണ്ട്. ട്രംപിന്റെ നീക്കം ഇവര്‍ മുന്‍കൂട്ടി അറിഞ്ഞെന്നും വിപണിയിലെ സുതാര്യത നഷ്ടമായെന്നുമാണ് ഒരുവിഭാഗം ആരോപിക്കുന്നത്.