ഇന്ത്യക്ക് പിന്തുണയുമായി ബ്രിട്ടൻ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടന്‍ രംഗത്തെത്തി. ഭീകരാക്രമണം അങ്ങേയറ്റം വിനാശകരമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ  സ്റ്റാര്‍മെര്‍. ദുരിതബാധിതരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ഇന്ത്യയിലെ ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ എന്നിവരും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.
ബ്രിട്ടനു പുറമെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുള്‍പ്പെടെ നിരവധി ലോകനേതാക്കളും രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്.

പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം പഹല്‍ഗാമില്‍ അരങ്ങേറിയത്. വെടിവയ്പ്പില്‍ 28 വിനോദസഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.


ഭീകരാക്രമണത്തില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍ ദാരുണമായി കൊല്ലപ്പെട്ടു. സ്വന്തം മകളുടെ കണ്‍മുന്നില്‍ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.  ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തില്‍ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. അതേസമയം, ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് നോര്‍ക്ക അറിയിച്ചു. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.