തിരുവല്ലാക്കാരി പ്രബിന്‍ ബേബിക്ക് സേവന മികവിനുള്ള ആദരമായി ലഭിച്ചത്‌ സുവര്‍ണ നിമിഷങ്ങള്‍

അന്തരാഷ്ട്ര നേഴ്‌സിങ് ദിനത്തില്‍ ഇരട്ടി മധുരവുമായി സ്റ്റീവനേജില്‍ നിന്നുള്ള മലയാളി നേഴ്സ് പ്രബിന്‍ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ എന്‍ എച്ച് എസ് ട്രസ്റ്റിന്റെ കീഴിലുള്ള ലിസ്റ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ പ്രബിന്‍ ബേബിക്കാണ് ബക്കിങ്ങാം പാലസ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ അതിഥിയായി പ്രവേശനം കിട്ടിയത്. ‘സര്‍ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍’ മെംബറും, മുന്‍ ഭാരവാഹികൂടിയാണ് പ്രബിന്‍. ആതുര സേവന രംഗത്തെ പ്രവര്‍ത്തന മികവിനും, അര്‍പ്പണ മനോഭാവത്തിനും ഉള്ള അംഗീകാരമായിട്ടാണ് ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിര്‍ദ്ദേശിച്ചതും, പ്രത്യേകമായി ക്ഷണിക്കപ്പെട്ടതും. കമ്മ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകള്‍ക്ക് നന്ദി പറയുന്നതിനും, അവരുടെ പൊതുസേവനത്തിന് ആദരവ് അര്‍പ്പിക്കുന്നതിക്കുന്നതിനുമായി, 1860 മുതല്‍ രാജകുടുംബം ഗാര്‍ഡന്‍ പാര്‍ട്ടികള്‍ വര്‍ഷം തോറും നടത്തിവരുന്നുണ്ട്.

ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് എന്‍ എച്ച് എസ ട്രസ്റ്റിന്റെ കീഴിലുള്ള സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നേഴ്സായ പ്രബിന്‍ ബേബി തിരുവല്ലാക്കാരിയാണ്. യു കെ യില്‍ എത്തി അഞ്ചു വര്‍ഷക്കാലത്തിനിടെ തന്റെ മിടുക്കും, സംഘാടക പാഠവവും , നേഴ്‌സിങ് മേഖലകളിലും, സഹപ്രവര്‍ത്തകര്‍ക്കിടയിലും, ട്രസ്റ്റിലും ശ്രദ്ധേയമാക്കുവാന്‍ പ്രബിനു കഴിഞ്ഞിരുന്നു. നവാഗതരായ ജോലിക്കാരുടെ ഉന്നമനത്തിനും, സഹായത്തിനും പ്രശംസനീയമായ തലത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും, ആകര്‍ഷകമായ നേതൃത്വ പാഠവവും മനസ്സിലാക്കി ട്രസ്റ്റ് പ്രസ്തുത മേഖലയില്‍ കോര്‍ഡിനേറ്ററാക്കി ഉയര്‍ത്തിയ പ്രബിന്‍, പേഷ്യന്റ് എക്‌സ്പീരിയന്‍സ് നഴ്‌സായിട്ടാണ് ജോലി നോക്കുന്നത്.