ബ്രിട്ടനിൽ ഇപ്പോൾ സ്ട്രോബറിയുടെ കാലമാണ്. ബറികളുടെ റാണി എന്നറിയപ്പെടുന്ന സ്ട്രോബറിക്ക് ഇത്തവണത്തെ കാലാവസ്ഥ ഏറെ അനുയോജ്യമാണെന്ന് കർഷകർ പറയുന്നു. പകൽ സമയത്തെ ഉയർന്ന താപനിലയും രാത്രിയിലെ തണുപ്പും സ്ട്രോബറിക്ക് ഏറ്റവും മികച്ച സാഹചര്യമാണ് ഒരുക്കുന്നത്. ഈ വർഷം സീസൺ ആരംഭിച്ചത് മുതൽ സ്ട്രോബറി കൃഷിക്ക് അനുകൂലമായ കാലാവസ്ഥയാണ് ലഭിക്കുന്നത്. സമീപ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടനിൽ ഇത്തവണ നല്ല ചൂടുള്ള വസന്തകാലമാണ് അനുഭവപ്പെടുന്നത്, ഒപ്പം രാത്രിയിൽ നല്ല തണുപ്പുമുണ്ട്. ഇത് രണ്ടും ഒത്തുചേർന്നതോടെ സ്ട്രോബറി കർഷകർ ഏറെ സന്തോഷത്തിലാണ്. മികച്ച വിളവെടുപ്പ് കാലമാണ് അവർ സ്വപ്നം കാണുന്നത്.
കെന്റിലെയും ചിചെസ്റ്ററിലെയും കർഷകർ പറയുന്നത് ഇത്തവണ ഫാമുകളിൽ നല്ല വലുപ്പവും മധുരവുമുള്ള സ്ട്രോബറികളാണ് വിളഞ്ഞിരിക്കുന്നത് എന്നാണ്. പകൽ ചെടികൾ സംഭരിക്കുന്ന ഊർജ്ജം രാത്രിയിലെ തണുപ്പിൽ വിശ്രമിക്കുമ്പോൾ സ്വാഭാവിക മധുരമായി മാറുന്നു. മേയ് മാസത്തിൽ തന്നെ ഇത്രയേറെ ചൂടുള്ള ദിവസങ്ങൾ വരുന്നത് വരൾച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക കർഷകർക്ക് ഉണ്ടെങ്കിലും, വരൾച്ചയെ നേരിടാൻ ജലസേചന മാർഗ്ഗങ്ങൾ ലഭ്യമാണെന്ന് അവർ പറയുന്നു. ആവശ്യത്തിന് വെയിൽ ലഭിക്കാത്തതാണ് പ്രധാന പ്രശ്നമെന്നും കൂട്ടിച്ചേർക്കുന്നു.