ബ്രിട്ടിഷ് രാജാവിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ആദരം ഏറ്റുവാങ്ങി മലയാളി നഴ്സ് റ്റിന്‍സി ജോസ്

ബ്രിട്ടിഷ് രാജാവിന്റെയും ബിബിസിയുടെയും ആദരം ഒരു പോലെ തേടിയെത്തിയ നഴ്സ് റ്റിന്‍സി ജോസ് മലയാളികള്‍ക്ക് അഭിമാനമായി. ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ നഴ്സായ റ്റിന്‍സിയെ രാജ്യാന്തര നഴ്സിങ് ദിനാഘോഷത്തില്‍ നടന്ന ‘ഗാര്‍ഡന്‍ പാര്‍ട്ടി’യിലേക്ക് ക്ഷണിച്ചാണ് ചാള്‍സ് രാജാവ് ആദരിച്ചത്. ആതുരസേവന രംഗത്തെ മികവിനാണ് ‘ബിബിസി ബ്രെവറി അവാര്‍ഡ്’ റ്റിന്‍സിക്ക് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് റ്റിന്‍സിയെ ലെയ്റ്റ്നന്റ് ഓഫ് കേംബ്രിഡ്‌ജ്‌ഷെയര്‍ കൊട്ടാരത്തിലെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.ബക്കിങ്ഹാം കൊട്ടാരത്തില്‍ നടന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ രാജ കുടുംബത്തിന്റെ ആതിഥേയ സംഘത്തില്‍ ചാള്‍സ് രാജാവ്, കാമിലാ രാജ്ഞി, ആനി രാജകുമാരി, എഡ്‌വേര്‍ഡ് രാജകുമാരന്‍, തുടങ്ങിയ വിശിഷ്‌ട വ്യക്തികളും, നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. 1860 മുതല്‍ പൊതുസമൂഹത്തില്‍ ശ്രദ്ധേമായ സംഭാവന നല്‍കിയവരെ ആദരിക്കുന്നതിനാണ് ഗാര്‍ഡന്‍ പാര്‍ട്ടികള്‍ രാജകുടുംബം സംഘടിപ്പിക്കുന്നത്.

സമാന രോഗബാധിതര്‍ക്ക് പരിപാലനവും ഒത്തുചേരുവാനുള്ള, അവസരവും ക്രമീകരിക്കുന്നതിന് റ്റിന്‍സി ശ്രദ്ധേമായ സംഭാവനകള്‍ നല്‍കി. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള ക്യാംപെയ്നും റ്റിന്‍സി നടത്തിയിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗബാധിതരെ പരിപാലിക്കുന്നതിന് നിര്‍ണായക സംഭാവനയാണ് റ്റിന്‍സി നല്‍കിയിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ പാര്‍ക്കിന്‍സണ്‍ യുകെ’ യെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലും മാധ്യമങ്ങളിലും റ്റിന്‍സി സ്ഥിര സാന്നിധ്യമാണ്.2019ലാണ് റ്റിന്‍സിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരികരിക്കുന്നത്. മേട്രനുമായി രോഗവിവരം പങ്കുവെക്കുകയും അവര്‍ നല്‍കിയ ഉപദേശങ്ങള്‍ ആത്മധൈര്യം വീണ്ടെത്തു പ്രത്യാശയോടെ മുന്‍പോട്ടുപോകനുള്ള കരുത്തു നല്‍കിയെന്ന് റ്റിന്‍സി പറയുന്നു. സഹോദരിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചപ്പോള്‍ ആത്മധൈര്യവും ശക്തിയും പകര്‍ന്ന് റ്റിന്‍സി താങ്ങുംതണലുമായി. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ശക്തമായ പിന്തുണയോടെ ജീവിതം തിരികെ പിടിക്കുവാല്‍ റ്റിന്‍സിക്ക് സാധിച്ചു. പാര്‍ക്കിന്‍സണ്‍ രോഗത്തെ സംബന്ധിച്ച് വ്യക്തിപരമായ പഠനവും ഗവേഷണങ്ങളും നടത്തി. സ്വന്തം അനുഭവം പങ്കുവച്ചും ബോധവല്‍ക്കരണം നടത്തിയും പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കിടയില്‍ പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് റ്റിന്‍സി.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഒലിയപ്പുറം കാരികുന്നേല്‍ കുടുംബത്തിലെ റ്റിന്‍സിയുടെ ജനനം. കോയമ്പത്തൂരെ ജെ.കെ കോളജില്‍ നിന്നും നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചു വര്‍ഷങ്ങള്‍ നാട്ടില്‍ ജോലിചെയ്തു. 2008 ലാണ് റ്റിന്‍സി യുകെയില്‍ എത്തുന്നത്. ആദ്യ വര്‍ഷങ്ങള്‍ നഴ്സിങ് ഹോമില്‍ ജോലിചെയ്ത റ്റിന്‍സി 2014 ലാണ് കിങ്‌സ് ലിന്നിലെ ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ സ്റ്റാഫ്‌ നഴ്സ് ആയി ജോലിക്കു കയറുന്നത്. 2020ല്‍ ബാന്‍ഡ് 6 ജൂനിയര്‍ നഴ്സായി സ്ഥാനകയറ്റം ലഭിച്ചു. നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് റ്റിന്‍സിയെ ജീവിതത്തിലും കരിയറിലും മുന്നോട്ട് നയിച്ചത്. നിലവില്‍ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ജൂനിയര്‍ നഴ്സാണ്. പാര്‍ക്കിന്‍സണ്‍സ് മെഡിക്കേഷന്‍ സേഫ്റ്റി ക്യാംപെയ്ന്‍ വര്‍ക്’ ദേശീയ അവാര്‍ഡ്, 2023, 2025 കളിലായി പാര്‍ലമെന്റില്‍ മൂന്നു തവണ സന്ദര്‍ശിക്കുവാന്‍ അവസരം എന്നിവ റ്റിന്‍സിയെ തേടിയെത്തിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാര്‍ക്കിന്‍സണ്‍ ദിനാചരണങ്ങളുടെ ഭാഗമായി, ‘പാര്‍ക്കിന്‍സണ്‍ യുകെ’ യുടെ പ്രതിനിധിയായി പങ്കെടുത്തു. 2024 മുതല്‍ 2027 വരെ ‘മെഡിക്കേഷന്‍ സേഫ്റ്റി പ്രോഗ്രാം’ എന്‍എച്ച്എസ് ഇംഗ്ലണ്ട് യുകെ ആവിഷ്ക്കരിച്ചതില്‍ റ്റിന്‍സിക്കും പങ്കുണ്ട്. കേംബ്രിഡ്‌ജ്‌ഷെയറിലെ വിസ്‌ബീചിലാണ് റ്റിന്‍സിയും കുടുംബവും താമസിക്കുന്നത്. കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു ആണ്‍കുട്ടികളാണുള്ളത്.