1995 ലെ ക്രിസ്മസ് ദിനത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചതിനുശേഷം 30 വർഷത്തിനിടെ ആദ്യമായി വത്തിക്കാൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് പൂർണ്ണമായി നവീകരിച്ചു. കൂടുതൽ ആധുനികമായ ലേഔട്ടോടെയാണ് സൈറ്റ് നവീകരിച്ചിരിക്കുന്നത്. വത്തിക്കാൻ ഓഫിസുകളിലേക്കും ശുശ്രൂഷകളിലേക്കുമുള്ള ഓൺലൈൻ ലിങ്കുകളും ഇതിൽ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ വെബ്സൈറ്റിന്റെ ഹോംപേജിൽ, ഇളംനീല പശ്ചാത്തലത്തിൽ ലിയോ പതിനാലാമൻ പാപ്പായുടെ ചിത്രം കാണാം. നാവിഗേഷൻ, പ്രവേശനക്ഷമത, മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം എന്നിവയിലെ കൂടുതൽ മെച്ചമായ സൗകര്യങ്ങൾ പുതിയ രൂപമാറ്റത്തിൽ ദൃശ്യമാണ്. ഇംഗ്ലിഷ്, ഇറ്റാലിയൻ, ലാറ്റിൻ, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, അറബിക്, ചൈനീസ് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ വെബ്സൈറ്റ് ബ്രൗസ് ചെയ്യാൻ കഴിയും.
സഭയുടെ ചാരിറ്റബിൾ സംഘടനയായ പീറ്റേഴ്സ് പെൻസ്, പോപ്പിന്റെ വേൾഡ്വൈഡ് പ്രാർLനാ ശൃംഖല, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന 2025 ജൂബിലി വർഷം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിലുണ്ട്. സൈറ്റിലെ ‘മജിസ്റ്റീരിയം’ വിഭാഗത്തിൽ ലിയോ പതിനാലാമൻ പാപ്പയുടെ പ്രസംഗങ്ങൾ, സന്ദേശങ്ങൾ എന്നിവ കാണാം. 30 വർഷങ്ങൾക്കുമുൻപ് ‘പൊന്തിഫിക്കൽ കൗൺസിൽ ഫോർ സോഷ്യൽ കമ്യൂണിക്കേഷൻസ്’ ആണ് വത്തിക്കാന്റെ വെബ്സൈറ്റ് ആദ്യമായി ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തത്