പാര്‍ക്കിംഗ് പെനാലിറ്റി നോട്ടീസ് കിട്ടിയാലുടന്‍ ഓടിപ്പോയി പിഴ അടക്കേണ്ടതില്ല; നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച പാര്‍ക്കിംഗ് ഫൈൻ പോരാടി വിജയിക്കാം.

പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പലര്‍ക്കും ഏറെ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. ഇതിന് പ്രധാന കാരണം, പ്രധാനപ്പെട്ട രണ്ട് തരം പാര്‍ക്കിംഗ് ടിക്കറ്റുകളും മഞ്ഞ നിറത്തിലുള്ളതാണെന്നതും, രണ്ടിലും പേര് ചുരുക്ക രൂപത്തില്‍ എഴുതിയിരിക്കുന്നത് പി സി എന്‍ എന്നായതിനാലുമാണെന്ന് ബ്രിട്ടീഷ് പാര്‍ക്കിംഗ് അസോസിയേഷന്‍ (ബി പി എ) പറയുന്നു. ഇതില്‍ ഒരു ടിക്കറ്റിലെ പി സി എന്‍ എന്നതിന്റെ പൂര്‍ണ്ണരൂപം പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസ് എന്നാണ്. ഇത് സാധാരണയായി പൊതു ഇടങ്ങളില്‍ നിയമ വിരുദ്ധമായ പാര്‍ക്കിംഗിന് കൗണ്‍സിലുകള്‍ നല്‍കുന്ന പിഴ നോട്ടീസ് ആണ്.

ഹൈ സ്ട്രീറ്റിലോ കൗണ്‍സില്‍ കാര്‍ പാര്‍ക്കുകളിലോ ക്രമവിരുദ്ധമായ പാര്‍ക്കിംഗിന് ലഭിക്കുന്ന പിഴയാണ് ആ നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്. രണ്ടാമത്തെ പി സി എന്‍ എന്നത് പാര്‍ക്കിംഗ് ചാര്‍ജ്ജ് നോട്ടീസ് ആണ്. സ്വകാര്യ പാര്‍ക്കിംഗ് കമ്പനികളോ ഭൂവുടമകളോ നിങ്ങള്‍ക്ക് നല്‍കുന്നതാണിത്. ഉദാഹരണത്തിന്, ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ പാര്‍ക്കിംഗില്‍ കൂടുതല്‍ സമയം പാര്‍ക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഇത്താത്തിലുള്ള ഒരു ടിക്കറ്റ് ലഭിക്കും.

മറ്റ് രണ്ട് തരത്തിലുള്ള പാര്‍ക്കിംഗ് ഫൈനുകള്‍ കൂടി നിലവിലുണ്ട്. പൊതുയിടവുമായി ബന്ധപ്പെട്ട് ചില കൗണ്‍സിലുകള്‍ നല്‍കുന്ന എക്സസ് ചാര്‍ജ്ജ് നോട്ടീസ് ആണ് അതിലൊന്ന്. സമാനമായ രീതിയില്‍, റെഡ് റൂട്ട് പോലുള്ള ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പോലീസും പിഴ നോട്ടീസ് നല്‍കിയെക്കും. ഇതില്‍ ഏതായാലും പിഴ നോട്ടീസ് ലഭിച്ചാല്‍ ഉടനടി പിഴ അടക്കേണ്ടതില്ല. ആദ്യം ആ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കുക.

അതില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ ആ പിഴ നോട്ടീസ് റദ്ദാക്കപ്പെട്ടേക്കും. ഉദാഹരണത്തിന് സ്ഥലം, സമയം എന്നിവ പരിശോധിച്ച്, ആ സമയത്ത് നിങ്ങള്‍ എവിടെയാണ് ഉണ്ടായിരുന്നത് എന്ന് ഉറപ്പു വരുത്തുക. അപ്പീലിന് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനായി തെളിവുകള്‍ ശേഖരിക്കുക. നിങ്ങള്‍ തിരികെ കാറിനടുത്തേക്ക് വരുമ്പോള്‍, വിന്‍ഡ്‌സ്‌ക്രീനിലാണ് പാര്‍ക്കിംഗ് ടിക്കറ്റ് കാണുന്നതെങ്കില്‍, ഉടനടി, ചുറ്റുമുള്ള റോഡ് സൈനുകളുടെയും റോഡ് മാര്‍ക്കിംഗുകളുടെയും തത്സമയ ഫോട്ടോകള്‍ എടുക്കുക.

പ്രത്യേകിച്ചും ഈ സൈന്‍ ബോര്‍ഡുകള്‍ അവ്യക്തമാണെങ്കില്‍ അവയുടെ ഫോട്ടോകള്‍ എടുക്കണം. അതുപോലെ സൈന്‍ ബോര്‍ഡുകള്‍ ഇല്ലെങ്കില്‍, അവ സ്വാഭാവികമായി എവിടെയാണോ ഉണ്ടാകേണ്ടത്, ആ ഇടത്തിന്റെ ഫോട്ടോ എടുക്കുക. അടുത്തിടെ കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ്, പാര്‍ക്കിംഗ് സൈനുകള്‍ വിശദീകരിക്കുന്നതിനുള്ള  സംവിധാനം ആരംഭിച്ചിട്ടുണ്ട്. ആശയക്കുഴപ്പമുണ്ടാക്കുന്ന പാര്‍ക്കിംഗ് സൈനുകള്‍ ഉണ്ടെങ്കില്‍ അവയുടെ ചിത്രമെടുത്ത് അപ് ലോഡ് ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ആ സൈനിനെ കുറിച്ചുള്ള വിശദമായ വിവരം ലഭ്യമാകും.

കൗണ്‍സില്‍ പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസ് ആണ് ലഭിക്കുന്നതെങ്കില്‍, അത് ലഭിച്ച് 14 ദിവസത്തിനകം ഒരു അനൗപചാരിക അപ്പീലിനായി കത്തയയ്ക്കണം. എന്തുകൊണ്ടാണ് ഈ ഫൈന്‍ റദ്ദാക്കപ്പെടേണ്ടത് എന്നത് ആ കത്തില്‍ വിശദമായി വിവരിക്കണം. ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സഹചര്യങ്ങള്‍ ഉണ്ടായതു മൂലമാണ് തെറ്റായി പാര്‍ക്കിംഗ് ചെയ്തതെങ്കില്‍ അതും പറയാവുന്നതാണ്. ഈ അപേക്ഷ തള്ളിക്കളഞ്ഞാല്‍ പിന്നീട് ‘നോട്ടീസ് ടു ഓണര്‍’ എന്ന ഒരു നോട്ടീസ് നിങ്ങള്‍ക്ക് ലഭിക്കും.

പകുതി പിഴ ഒടുക്കി തലവേദന ഒഴിവാക്കണമോ അതോ ഔപചാരികമായ അപ്പീലിന് പോകണമോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് 28 ദിവസത്തെ സമയം ലഭിക്കും. ഈ അപ്പീലും നിരാകരിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് അറിയിപ്പ് വരും ഈ തീരുമാനത്തെ വേണമെങ്കില്‍, നിങ്ങള്‍ക്കൊരു സ്വതന്ത്ര ട്രൈബ്യൂണലില്‍ എതിര്‍ക്കാം. അത് തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, കേസ് നടത്തിപ്പിനായി നിങ്ങള്‍ ട്രൈബ്യൂണലില്‍ നേരിട്ട് ഹാജരാകേണ്ടതുമില്ല.

ഇംഗ്ലണ്ടിലും വെയ്ല്‍സിലും ട്രാഫിക് പെനാല്‍റ്റി ട്രൈബ്യൂണലിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് അപ്പീല്‍ നല്‍കാം. സ്‌കോട്ട്‌ലാന്‍ഡില്‍ ജനറല്‍ റെഗുലേറ്ററി ചേംബറിന്റെ വെബ്‌സൈറ്റ് വഴിയും ലണ്ടനില്‍, ലണ്ടന്‍ ട്രൈബ്യൂണല്‍സ് എന്ന വെബ്‌സൈറ്റ് വഴിയും ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാവുന്നതാണ്. സ്വകാര്യ പാര്‍ക്കിംഗ് കമ്പനിയില്‍ നിന്നാണ് ടിക്കറ്റ് ലഭിച്ചതെങ്കില്‍ ആ കമ്പനി ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് കമ്മ്യൂണിറ്റി (ഐ പി സി) യിലോ ബ്രിട്ടീഷ് പാര്‍ക്കിംഗ് അസോസിയേഷനിലോ (ബി പി എ) അംഗമാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍, ആ കമ്പനി നിങ്ങള്‍ക്ക് അടുത്ത കത്തയയ്ക്കും വരെ മിണ്ടാതിരിക്കുക. അംഗങ്ങള്‍ ആണെങ്കില്‍, ആദ്യം കമ്പനിയുടെ അപ്പീല്‍ സംവിധാനത്തെയാണ് സമീപിക്കേണ്ടത്.