പൊതുജനക്ഷേമ മേഖലയില്‍ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ ഭാഗമായി ബ്രിട്ടനില്‍ 36 ലക്ഷത്തോളം പേര്‍ കൈപ്പറ്റുന്ന ഡിസെബെലിറ്റി ബെനഫിറ്റിനെയും ബാധിക്കും. പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റി (പി ഐ പി) നുള്ള അര്‍ഹത നേടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിത സാഹചര്യങ്ങളും ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുന്നതും അടിസ്ഥാനമാക്കി ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ, അവശരും അംഗപരിമിതരുമായവരെ സഹായിക്കുന്നതിനുള്ള പദ്ധതിയാണ് പി ഐ പി.
എന്നാല്‍, 2026 നവംബര്‍ മുതല്‍, ഇതിലെ ഡെയ്ലി ലിവിംഗ് ഘടകത്തിന് അര്‍ഹത നേടാന്‍ ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന് ചുരുങ്ങിയത് നാല് സ്‌കോറുകള്‍ എങ്കിലും നേടേണ്ടതായി വരും. അതുപോലെ യൂണിവേഴ്സല്‍ ക്രെഡിറ്റിലെ വര്‍ക്ക് കേപ്പബിലിറ്റി അസെസ്‌മെന്റിലും മാറ്റങ്ങള്‍ വരുത്തും. ആരോഗ്യ പ്രശ്നങ്ങള്‍ നിമിത്തം ജോലി ചെയ്യാന്‍ ആകാത്തവര്‍ക്ക് നല്‍കുന്ന ഇന്‍കപ്പാസിറ്റി ബെനെഫിറ്റ് പേയ്‌മെന്റ് കണക്കാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. 2028 മുതല്‍ ഇത് കണക്കാക്കുന്ന രീതിക്ക് മാറ്റം വരും.
ജോലി ചെയ്യുന്നതിനുള്ള ആരോഗ്യം പരിശോധിക്കുന്നതിനും പകരമായി ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള കഴിവായിരിക്കും പുതിയ രീതിയില്‍ പരിഗണിക്കുക. നിലവില്‍ 36 ലക്ഷ പേരൊളം ഇംഗ്ലണ്ടിലും, വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമായി പി ഐ പി വാങ്ങുന്നുണ്ട്. സ്‌കോട്ട്‌ലാന്‍ഡില്‍ സമാനമായ ആനുകൂല്യത്തിന് അഡള്‍ട്ട് ഡിസെബിലിറ്റി പേയ്‌മെന്റ് എന്നാണ് പറയുന്നത്. ഇത് രണ്ട് ഭാഗങ്ങളായിട്ടാണ് കണക്കാക്കുന്നത്. രണ്ടിലും ഉയര്‍ന്ന നിരക്കും താഴ്ന്ന നിരക്കുമുണ്ട്. ഡെയ്ലി ലിവിംഗ് പാര്‍ട്ടില്‍ കുറഞ്ഞത് പ്രതിവാരം 72.65 പൗണ്ടും കൂടിയത് 108.55 പൗണ്ടുമാണ്. മൊബിലിറ്റി പാര്‍ട്ടില്‍ ഇത് യഥാക്രമം 28.70 പൗണ്ടും 75.75 പൗണ്ടുമാണ്.
ദീര്‍ഘകാലമായി ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളോ അംഗപരിമിതി മൂലമോ, ദൈന്യംദിന കാര്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കാനാകാതെ വരികയോ തൊഴില്‍ എടുക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നവര്‍ക്കുള്ളതാണ് ഈ നികുതി രഹിത ബെനെഫിറ്റ്. തൊഴില്‍ എടുക്കുന്നവര്‍, നീക്കിയിരുപ്പ് സമ്പാദ്യം ഉള്ളവര്‍, മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇതിന് അര്‍ഹതയുണ്ടായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇത് വരുമാനത്തെ ആശ്രയിച്ച് നിശ്ചയിക്കുന്ന ആനുകൂല്യമല്ല എന്നര്‍ത്ഥം. സാധാരണയായി ഇത് നാല് ആഴ്ച കൂടുമ്പോഴാണ് വിതരണം ചെയ്യുന്നത്.
ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്. ഭക്ഷണം പാചകം ചെയ്യുക, പോഷകാഹരങ്ങള്‍ കഴിക്കുക, ആരോഗ്യ നില നിരീക്ഷിക്കുക, കുളിക്കുകയും അലക്കുകയും ചെയ്യുക തുടങ്ങി നാല് പ്രവര്‍ത്തനങ്ങള്‍ ആകും പുതിയ സമ്പ്രദായത്തില്‍ വിലയിരുത്തുക. ഇവയില്‍ ഓരോന്നും സ്വയം ചെയ്യാന്‍ കഴിയുന്നെങ്കില്‍ പൂജ്യം സ്‌കോര്‍ ആയിരിക്കും ലഭിക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റുള്ളവരില്‍ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതിനനുസരിച്ച് സ്‌കോര്‍ വര്‍ദ്ധിച്ചു വരും. ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന് ചുരുങ്ങിയത് 4 സ്‌കോര്‍ എങ്കിലും ലഭിക്കുന്നവര്‍ക്ക് മാത്രമായിരിക്കും 2028 മുതല്‍ ഇതിനുള്ള അര്‍ഹത.