വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാ സാംസ്കാരിക വേദിയുടെ 19–ാം സമ്മേളനം മാര്‍ച്ച് 29ന് വൈകുന്നേരം 3ന് (യുകെ സമയം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും. കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തായ രാസലഹരികളുടെ പിടിയില്‍നിന്നും എങ്ങനെ യുവതലമുറയെ രക്ഷിക്കാം എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ആലുവ തോട്ടക്കാട്ടുകര സെന്റ് ആന്‍സ് ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തില്‍ രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചു 150 വനിതകളെ ഉള്‍പ്പെടുത്തി ക്രിസ്തീയ ഭക്തിഗാനത്തിലൂടെ അവതരിപ്പിച്ച മെഗാ തിരുവാതിര വീണ്ടും കലാസാംസ്‌കാരിക വേദിയില്‍ അവതരിപ്പിക്കും.
കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുക്കൊണ്ടു തന്നെ പങ്കെടുക്കാം. കൂടാതെ, കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും ആശയ വിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കും. ആഗോള തലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനും ജനസേവ ശിശുഭവന്‍ പ്രസിഡന്റുമായ അഡ്വ. ചാര്‍ളി പോളും സൈക്കോളജിസ്റ്റും അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മെമ്പറുമായ ഡോ. ജോര്‍ജ് കാലിയാടന്‍ എന്നിവരാണ്.