ടെസ്‌കോയിൽ ശമ്പള വർധന ; മലയാളികൾക്ക് ആശ്വാസം




യുകെയിലെ  സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയില്‍ 5.2 ശതമാനം ശമ്പള വര്‍ധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശമ്പള വര്‍ധനയ്ക്ക് ധാരണയായത്. മാര്‍ച്ച് 30 മുതല്‍ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. മണിക്കൂറിന് 12.45 പൗണ്ടാകും മാര്‍ച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റില്‍  12.64 പൗണ്ടായി ഉയര്‍ത്തും. അഞ്ചു ശതമാനം ശമ്പള വര്‍ധന വരുത്തുമ്പോളും ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാള്‍  44 പെന്‍സ് അധികം മാത്രമാണ്.
ഇതോടൊപ്പം നിലവില്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സണ്‍ഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം നേരത്തെ  നിഷേധിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പേയ്‌മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെയും സണ്‍ഡേ പേ ബോണസ് നിര്‍ത്തലാക്കുന്നത്. നൂറു കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ 330,000 പേരാണ് ടെസ്‌കോയില്‍ രാജ്യത്താകെ ജോലി ചെയ്യുന്നത്.
ശമ്പള വര്‍ധന പ്രാബല്യത്തിലാകുന്നതോടെ ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലണ്ടന്‍ അലവന്‍സ് ഉള്‍പ്പെടെ മണിക്കൂറിന് 13.85 പൗണ്ടായി ശമ്പളം വര്‍ധിക്കും. ശമ്പള വര്‍ധനയ്ക്കായി 180 മില്യന്‍ പൗണ്ടാണ് കമ്പനി നീക്കിവയ്ക്കുന്നതെന്ന് യുകെ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. നേരത്തെ മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സെയിന്‍സ്ബറീസും അഞ്ചു ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ലിഡിലില്‍ ഫെബ്രുവരി മാസത്തില്‍  ശമ്പളം 12.75 പൗണ്ടായി വര്‍ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മറ്റു സൂപ്പര്‍ മാര്‍ക്കറ്റുകളും ശമ്പള വര്‍ധനയ്ക്ക് നിര്‍ബന്ധിതരായത്.