ഒരുപക്ഷേ അടുത്തൊന്നും ഒരു മലയാളി പ്രേക്ഷകൻ ഒരു മലയാളസിനിമയ്ക്കുവേണ്ടി ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല. അഞ്ചുവർഷത്തോളമാകുന്നു ആദ്യപ്രഖ്യാപനം വന്നിട്ട്. പിന്നീട് ഓരോ ദിവസവും എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു ഒരു ശരാശരി സിനിമാ പ്രേമി. ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ നേരത്തേപറഞ്ഞ കാത്തിരിപ്പ് അക്ഷമയ്ക്ക് വഴിയൊരുക്കി. പറഞ്ഞുവരുന്നത് എമ്പുരാനെക്കുറിച്ചാണ്.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹൻലാൽ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാൻറെ’ ആദ്യ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750-ഓളം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം.റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാൻ’ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തിൽ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാൻ’ 58 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.
മോഹൻലാൽ ഉൾപ്പെടെയുള്ള വൻതാര നിരയും ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ ആദ്യഷോ കാണാനെത്തിയത്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്‌ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ‘എമ്പുരാൻ’ നിർമിച്ചിരിക്കുന്നത്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസും.
അന്യഭാഷാ ചിത്രങ്ങളിലൂടെ മാത്രം കണ്ടുവന്ന മേക്കിങ് സ്റ്റൈൽ മലയാളത്തിലും പറ്റുമെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ. ഖുറേഷി അബ്രാമിനേയും സയ്ദ് മസൂജദിനേയും അവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ ലോകത്തേയുമാണ് എമ്പുരാനിൽ അനാവരണം ചെയ്യുന്നത്. എബ്രാമിന് ആരാണ് സയിദ് മസൂദെന്നും തിരിച്ചും വ്യക്തമാക്കപ്പെടുന്നു എമ്പുരാനിൽ.
ശക്തമായ തിരക്കഥയ്ക്കൊപ്പം അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന മേക്കിങ് എന്നുവേണം എമ്പുരാനെക്കുറിച്ച് ആത്യന്തികമായി പറയേണ്ടത്. ഒരു സംവിധായകന് തന്റെ ചിത്രത്തിന്മേലുള്ള കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് എമ്പുരാനിലെ പല രംഗങ്ങളും വിളിച്ചോതുന്നുണ്ട്.
ഓരോ കഥാപാത്രങ്ങളേയും ഖുറേഷി എബ്രാം എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. അവരുടെ കാഴ്ചപ്പാടിൽ ആരാണ് ഖുറേഷി എബ്രാം എന്ന് പറയുന്നിടത്താണ് സിനിമയുടെ ആകാംക്ഷ വർധിക്കുന്നത്. പൊതുവേ അന്യഭാഷാ സിനിമകളിൽ നായകനെ മറ്റുകഥാപാത്രങ്ങളുടെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന എലിവേഷൻ എന്ന സംഗതിയെ എമ്പുരാനിൽ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളുടേയും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സ്റ്റീഫൻ എന്ന എബ്രാമിനെ വളരെ ആകാംക്ഷ ജനിപ്പിക്കുന്ന കഥാപാത്രമായി മാറ്റിയിരിക്കുകയാണ് ഇവിടെ.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള താരങ്ങളുടെ നീണ്ടനിരയാണ് ചിത്രത്തിൽ. ചിത്രത്തിൽ മോഹൻലാൽ എന്ന താരത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന രീതിയെ ഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. അടുത്തകാലത്തൊന്നും ഒരു മലയാളി താരത്തിന് ഇത്രയേറെ ശക്തമായ എലിവേഷൻ കിട്ടിയിട്ടില്ലെന്നുതന്നെ പറയാം. പൃഥ്വിരാജിനും നിറഞ്ഞാടാൻ രംഗങ്ങളേറെയുണ്ടായിരുന്നു. ഒരു മാസ് ചിത്രം സംവിധാനംചെയ്ത് അതിൽ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നാൽ ആ വെല്ലുവിളി ഇവിടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിഷ്പ്രയാസം മറികടന്നിട്ടുണ്ട്.