മാറ്റിവച്ച ഗർഭപാത്രത്തിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി ബ്രിട്ടനിലെ യുവതി

സഹോദരിയിൽ നിന്നും ലഭിച്ച ഗർഭപാത്രത്തിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി ബ്രിട്ടനിലെ യുവതി. രാജ്യത്ത്
ആദ്യമായാണ് മാറ്റിവച്ച ഗർഭപാത്രത്തിൽനിന്നും വിജയകരമായി ഒരു കുഞ്ഞ് പിറക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യ മേഖലയ്ക്ക്
അഭിമാനമാകുന്ന നേട്ടമാണിത്. നോർത്ത് ലണ്ടനിൽ താമസിക്കുന്ന സ്കോട്ടിഷ് യുവതി ഗ്രേയ്സിനും ആൻഗസിനുമാണ് സഹോദരി എയ്മിയിൽ നിന്നും ലഭിച്ച ഗർഭപാർത്രത്തിൽ തങ്ങളുടെ കുഞ്ഞിന് ജന്മം നൽകാൻ ഭാഗ്യമുണ്ടായത്. 2023ലായിരുന്നു ഗ്രേയ്സ് ഡേവിഡ്സൺ എന്ന യുവതി സഹോദരി എയ്മിയിൽ നിന്നും ഗർഭപാത്രം സ്വീകരിച്ചത്. ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ
രാജ്യത്തെ 15 ക്ലിനിക്കൽ ട്രയലുകളിൽ ഒന്നായിരുന്നു ഇത്. എല്ലാം വിജയകരമായി പരിണമിച്ചതോടെ ഫെബ്രുവരിയിൽ ഗ്രേയ്സ് തന്റെ കുഞ്ഞിന് ജന്മം നൽകി. ഗർഭപാത്രം സമ്മാനിച്ച സഹോദരിയുടെ പേരു തന്നെയാണ് അവർ കുഞ്ഞിന് നൽകിയത്- ‘എയ്മി’.
രണ്ടു മക്കൾ ഉണ്ടായ ശേഷമായിരുന്നു എയ്മി സഹോദരിക്കായി തന്റെ ഗർഭപാത്രം ദാനം ചെയ്തത്. 2014ലാണ് ലോകത്ത് ആദ്യമായി മാറ്റിവച്ച ഗർഭപാത്രത്തിൽനിന്നും ഒരു കുഞ്ഞു ജനിച്ചത്. സ്വീഡനിലായിരുന്നു മെഡിക്കൽ രംഗത്തെ ഈ അത്ഭുത വിജയം. അതിനുശേഷം സമാനമായ 135വിജയകഥകൾ ലോകത്തുണ്ടായി. അമേരിക്ക, ചൈന, ഫ്രാൻസ്, ഇന്ത്യാ, ടർക്കി എന്നീ രാജ്യങ്ങളിൽ ഇപ്പോൾ വിജയകരമായി ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ഈ ഗണത്തിലേക്കാണ് ബ്രിട്ടനും അണിചേരുന്നത്.