യുക്മ നഴ്സസ് ഫോറം രാജ്യാന്തര നഴ്സസ് ദിനാഘോഷം മെയ് 10ന്

യുകെയിലെ നോർത്ത് വെസ്റ്റ് റീജനിലുള്ള നഴ്സുമാർക്കായി യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്) നോർത്ത് വെസ്റ്റ് റീജനും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (ലിംക) ചേർന്ന് മേയ് 10ന് രാജ്യാന്തര നഴ്‌സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു. ലിവർപൂളിലെ ഔർ ലേഡി ഓഫ് ദി അസംപ്ഷൻ പാരിഷ് സെന്ററിലാണ് ആഘോഷം. 2012ൽ യുകെയിലെ മലയാളി നഴ്സുമാർക്ക് വേണ്ടി യുക്മ ആരംഭിച്ച സംഘടനയാണ് യുക്മ നഴ്സസ് ഫോറം. യുകെയിലെ മലയാളി നഴ്സുമാരുടെ ഉന്നമനത്തിനും അവരുടെ തൊഴിൽപരമായ കാര്യങ്ങളിൽ മാർഗനിർദേശം നൽകുന്നതിനും സെമിനാറുകൾ, പരിശീലന ക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയിലൂടെ അറിവും വൈദഗ്ധ്യവും നൽകി ശാക്തീകരിക്കുക എന്നതാണ് യുക്മ നഴ്സസ് ഫോറത്തിന്റെ ലക്ഷ്യം. 2025ലെ ലോക നഴ്‌സസ് ദിനത്തിലെ പ്രമേയം “നഴ്സുമാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം” എന്നതാണ്. യുക്മ നഴ്സസ് ഫോറം നോർത്ത് വെസ്റ്റ് റീജൻ ഇത്തവണ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെമിനാറുകൾ, സംവാദങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, കലാപരിപാടികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. നഴ്‌സസ് ദിനാഘോഷത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. രാവിലെ 9 മണിക്ക് റജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം 5 മണിയോടെ അവസാനിക്കും. വിവിധ നഴ്സിങ് മേഖലകളിൽ നിന്നുള്ള പരിചയസമ്പന്നരായ സീനിയർ നഴ്സുമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, നോർത്ത് വെസ്റ്റിലെ എൻഎച്ച്എസുകളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർ എന്നിവരുടെ ക്ലാസുകൾ, നഴ്സുമാരുടെ കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.