ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ വീടുകള്‍ കയറിയിറങ്ങി ചികിത്സ നല്‍കാന്‍ പദ്ധതി

ഇംഗ്ലണ്ടിലെ രോഗനിരക്ക് കൈകാര്യം ചെയ്യാനായി സുപ്രധാന പദ്ധതികളുമായി എന്‍എച്ച്എസ്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ കയറി രോഗികളുണ്ടോയെന്ന് പരിശോധിപ്പിക്കാന്‍ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ്. ഓരോ മാസവും സന്ദര്‍ശിക്കേണ്ട 120 വീടുകളുടെ പട്ടിക തയ്യാറാക്കാൻ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറെ നിയോഗിക്കാനാണ് തീരുമാനം. ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ ചികിത്സ ആവശ്യമുള്ളവരെ മുന്‍കൂറായി തിരിച്ചറിയാമെന്നാണ് കരുതുന്നത്. എന്‍എച്ച്എസിനെ അമിതമായി ഉപയോഗിക്കുന്നതിന്റെ എണ്ണം കുറയ്ക്കാനും, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പതിവായി എത്തുന്നവരെയും ചുരുക്കാന്‍ ഇത് സഹായിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ നടത്തിയ പൈലറ്റ് സ്‌കീമില്‍ ഒരു വര്‍ഷത്തിനിടെ 10 ശതമാനം ഹോസ്പിറ്റല്‍ അഡ്മിഷന്‍ കുറഞ്ഞു ഇതോടെ ഇംഗ്ലണ്ടിലെ മറ്റ് 25 ഭാഗങ്ങളിലേക്ക് കൂടി സ്‌കീം വ്യാപിപ്പിക്കുകയാണ്. യുവാക്കളെ എന്‍എച്ച്എസ് ആപ്പ് വഴി ഫാര്‍മസിയിലേക്ക് വഴിതിരിച്ച് വിടാനും, ജിപിമാര്‍ക്ക് പ്രായമായ, രോഗമേറിയ ആളുകളെ ശ്രദ്ധിക്കാനും അവസരം നല്‍കും.