ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണ് എന്ന് കണ്ടെത്താനും വിവരങ്ങള്‍ നല്‍കാനും ‘മര്‍ഡര്‍ പ്രെഡിക്ഷന്‍’ എന്ന ടൂളുമായി യുകെ. കൊലപാതകികളാകാന്‍ സാധ്യതയുള്ള ആളുകള്‍ ആരൊക്കെയാണ് എന്ന് തിരിച്ചറിയാന്‍ വേണ്ടി അധികാരികളുടെ കൈവശമുള്ള ആളുകളുടെ ഡാറ്റ ഉപയോഗിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും എന്നാണ് നീതിന്യായ മന്ത്രാലയം പറയുന്നത്. ഒന്നിലധികം ആളുകളില്‍ നിന്നും ഡാറ്റകള്‍ ശേഖരിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത്, ആരൊക്കെയാണ് അതിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ളത് എന്നതൊക്കെ വിശകലനം ചെയ്യും എന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. ആളുകളുടെ സ്വകാര്യത ലംഘിക്കപ്പെടും എന്നതാണ് ഇതിനെതിരെ ഉള്ള വലിയ വിമര്‍ശനം. യുകെയില്‍ നിന്നുള്ള മനുഷ്യാവകാശ സംഘടനയായ സ്റ്റേറ്റ്‌വാച്ച് (Statewatch) നിശിതമായിട്ടാണ് ഇതിനെ വിമര്‍ശിച്ചത്. ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങളും ഇതില്‍ ശേഖരിക്കുമെന്നാണ് ഇവരുടെ ആരോപണം. മാത്രമല്ല, വംശീയത വച്ചുപുലര്‍ത്തുന്ന അധികാരകേന്ദ്രങ്ങള്‍ കറുത്തവരേയും സമൂഹത്തിന്റെ താഴെക്കിടയില്‍ നില്‍ക്കുന്നവരെയുമെല്ലാം ക്രിമിനലുകളാക്കി കാണിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതുപോലെ, എന്തെങ്കിലും തരത്തില്‍ സ്വയം പരിക്കേല്പിച്ച ആളുകള്‍,ഗാര്‍ഹികപീഡനത്തില്‍ പെട്ടവര്‍ ഒക്കെയും ഗുരുതരമായ കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്താന്‍ സാധ്യത ഉള്ളവരുടെ പട്ടികയില്‍ ഇടം പിടിച്ചേക്കാമെന്ന ആശങ്കാജനകമാണ് എന്നും ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.