അന്തര്‍ദേശീയ തലത്തില്‍ ഒരു ഡിസൈന്‍ മത്സരം ആരംഭിച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വരാനിരിക്കുന്ന ആര്‍ട്ടെമിസ് 2 ദൗത്യത്തിന് വേണ്ടി ഒരു ഭാഗ്യചിഹ്നം (Mascot) രൂപകല്‍പന ചെയ്യുകയാണ് വേണ്ടത്. മനുഷ്യരെ വഹിച്ചുള്ള ആദ്യ ആര്‍ട്ടെമിസ് ദൗത്യമാണ് ആര്‍ട്ടെമിസ് 2. സീറോ ഗ്രാവിറ്റി ഇന്‍ഡിക്കേറ്റര്‍ എന്ന് വിളിക്കുന്ന ഇത്തരം ഭാഗ്യ ചിഹ്നങ്ങള്‍ സാധാരണ ബഹിരാകാശ ദൗത്യങ്ങളില്‍ പേടകങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കാറുണ്ട്. ആര്‍ട്ടെമിസ് 2 ദൗത്യത്തിന് ഉപയോഗിക്കുന്ന ഓറിയോണ്‍ പേടകം ഭൂഗുരുത്വ പരിധിവിട്ട് ബഹിരാകാശത്തെ ഭാരമില്ലായ്മയിലേക്ക് പ്രവേശിക്കുന്നതോടെ ഈ സീറോഗ്രാവിറ്റി ഇന്‍ഡിക്കേറ്റര്‍ പേടകത്തിനുള്ളില്‍ ഒഴുകി നടക്കും. ലോകത്തെമ്പാടുമുള്ള എഞ്ചിനീയര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും ഈ മത്സരത്തിന്റെ ഭാഗമാകാം. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യചിഹ്നത്തിന് നാലംഗ സംഘത്തിനൊപ്പം ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമാകാന്‍ സാധിക്കും.വ്യക്തികള്‍, മൃഗങ്ങള്‍, ഏതെങ്കിലും സംഘടനയെയോ വിഭാഗത്തേയോ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും വസ്തുക്കള്‍ എന്നിവയുടെ രൂപത്തിലാണ് സാധാരണ ഭാഗ്യചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത്. ബഹിരാകാശ പേടകങ്ങളിലും ഇത്തരം രൂപങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
ആര്‍ട്ടെമിസ് 1 ദൗത്യത്തില്‍ ഒരു സ്‌നൂപ്പി പാവയായിരുന്നു ഭാഗ്യചിഹ്നമായി ഉപയോഗിച്ചത്. നാസയ്ക്ക് വേണ്ടതും അതുതന്നെ, ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗ്യചിഹ്നമായി ഉപയോഗിക്കാന്‍ ഒരു കുഞ്ഞന്‍ പാവയെ വേണം. അത് രൂപകല്‍പന ചെയ്യുന്നതാണ് മത്സരം. ദൗത്യത്തിനോട് ഇണങ്ങുന്ന അര്‍ത്ഥവത്തായ ഒന്നായിരിക്കണം രൂപകൽപന ചെയ്യേണ്ടത്. ബഹിരാകാശത്ത് ഉപയോഗിക്കാന്‍ അനുയോജ്യമായതും ആയിരിക്കണം. ഈ ഭാഗ്യ ചിഹ്നങ്ങള്‍ നിര്‍മിക്കുന്നതിന് ചില സാങ്കേതിക മാനദണ്ഡങ്ങളും നാസ നല്‍കുന്നുണ്ട്. മത്സരാര്‍ഥികള്‍ നിര്‍മിക്കുന്ന ഡിസൈനുകള്‍ 6 ഇഞ്ച് ക്യൂബിനുള്ളില്‍ ഒതുങ്ങുന്നതായിരിക്കണം. ഭാരം 0.75 പൗണ്ടില്‍ (340.19 ഗ്രാം) കൂടാന്‍ പാടില്ല. കോട്ടണ്‍, പോളിയെസ്റ്റര്‍, ഫോക്‌സ് ഫര്‍, കെവ്‌ലാര്‍, ബീറ്റാ ക്ലോത്ത് പോലുള്ള ബഹിരാകാശത്ത് സുരക്ഷിതമായി ഉപയോഗിക്കാനാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവ ആയിരിക്കണം. ഏതെങ്കിലും രാജ്യത്തിന്റെ പതാകകളുമായോ ചിഹ്നങ്ങളുമായോ സാമ്യമുള്ളവ അകാൻ പാടില്ല. നാസയുടെ സ്വന്തം ബ്രാന്റിങും ഉള്‍പ്പെടുത്തരുത്.