ബിസിനസ് ഉടമകൾക്ക് കമ്പനിയുടെ പേരും മൊബൈൽ നമ്പറിനൊപ്പം സ്വീകർത്താവിന്റെ മൊബൈലിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കി എയർടെൽ. ബിസിനസ് സ്ഥാപനങ്ങളുടെ ഔട്ഗോയിങ് കോളുകൾക്കായാണ് ‘ബിസിനസ് നെയിം ഡിസ്‌പ്ലേ’(ബിഎൻഡി) എന്ന പേരിൽ എയർടെൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ബാങ്കിങ്, റീട്ടെയ്ൽ, ഫുഡ് ഡെലിവറി, മൊബിലിറ്റി, ക്വിക്ക് കൊമേഴ്‌സ് എന്നിവയുൾപ്പെടെ 250ലധികം ബിസിനസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കമ്പനികളുടെ വിശ്വാസം വളർത്താനും നിയമാനുസൃതമായ ബിസിനസ് കോളുകളെ സ്‌പാം കോളുകളിൽ നിന്ന് വേർതിരിച്ചറിയാനും പുതിയ സംവിധാനം സഹായിക്കും. നിലവിൽ എയർടെൽ കണക്‌ഷൻ ഉപയോഗിക്കുന്നവർക്കും പുതിയ കണക്‌ഷൻ എടുക്കുന്നവർക്കും എയർടെൽ സർവീസ് പോയിന്റുകളിൽനിന്ന് ‘ബിസിനസ് നെയിം ഡിസ്‌പ്ലേ’ സംവിധാനം ആക്ടിവേറ്റ് ചെയ്യാം.