യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ‘ടങ്സ് ഓൺ ഫയർ ഫ്ളെയിം’ അവാർഡ് നേടി മലയാളിയായ ഡോ.രാജേഷ് ജെയിംസ്. ഡോ. രാജേഷ് സംവിധാനം ചെയ്ത ‘സ്ലേവ്സ് ഓഫ് ദി എംപയർ’ എന്ന ഡോക്യുമെന്ററിക്കാണ് അന്തർദേശീയ അവാർഡ് ലഭിച്ചത്. യുകെയിൽ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതൽ പത്തുവരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത് ‘ടംഗ്സ് ഓൺ ഫയർ ഫ്ളെയിം’ ഫിലിം ഫെസ്റ്റിവലിൽ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
1997 ൽ സ്ഥാപിതമായ ചാരിറ്റി സംഘടനയായ ‘ടംഗ്സ് ഓൺ ഫയർ’, സിനിമ മേഖലയിൽ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യുകെയിലുടനീളം പ്രദർശിപ്പിക്കുന്ന 27-ാമത് ചലച്ചിത്രോത്സവത്തിന്റെ തീം, ‘ആഗ്രഹവും, അവകാശവും’ എന്നതായിരുന്നു. മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും ‘ടംഗ്സ് ഓൺ ഫയർ’ നിലകൊള്ളുന്നു.
രാജേഷ് ജെയിംസ് കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ൽ റിയാദ് വാഡിയ അവാർഡ് സമിതിയുടെ ഇന്ത്യയിലെ ‘ബെസ്റ്റ് എമേർജിങ് ഫിലിം മേക്കർ’ അവാർഡ് നേടിയിരുന്നു. 2018-ൽ മുംബൈയിലെ ‘കാശിഷ് ഇന്റർനാഷണൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്’ മികച്ച ഡോക്യുമെന്ററിക്കുള്ള ‘കെ.എഫ്. പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി’ അവാർഡും, 2020-ൽ ‘ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയിൻ ‘ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് അധ്യാപകനായ ഡോ.രാജേഷ്, കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേൽ ജെയിംസിന്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എം.എ കോളേജ് അസി.പ്രൊഫസറാണ്. മകൻ നെയ്തൻ.
ഡോക്യുമെന്ററികളെ ഏറെ പ്രണയിക്കുന്ന കലാകാരനും, ഗവേഷകനുമായ ഡോ.രാജേഷ് ജെയിംസിന് അധ്യാപനവും, ഡോക്യുമെന്ററിയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുവാനാണ് താത്പര്യം