ഡ്രൈവിംഗ് ലൈസന്‍സ് ഇനി കൈയ്യില്‍ കൊണ്ടു നടക്കേണ്ട. ഈ വര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡ്രൈവിംഗ് ലൈസന്‍സ് എത്തുന്നു.GOV .UK Wallet എന്ന ആപ്പ് വഴിയാണ് ഡ്രൈവിംഗ് ചെയ്യുന്നതിനുള്ള അവകാശം, പ്രായം എന്നിവ ഉള്‍പ്പടെയുള്ളവ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെത്തുന്നത്. കൂടാതെ പ്രധാന സര്‍ക്കാര്‍ രേഖകള്‍ എല്ലാം ഇതുവഴി ആക്സസ് ചെയ്യാന്‍ കഴിയും. അതേസമയം ഫിസിക്കല്‍ ഐ ഡി സാധുവായി തുടരും എന്നതിനാല്‍, വേണമെങ്കില്‍ പ്ലാസ്റ്റിക് ഡ്രൈവിംഗ് ലൈസന്‍സ് തന്നെ തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. ജനങ്ങള്‍ ഭരണകൂടവുമായി നടത്തുന്ന ഡിജിറ്റല്‍ ഇടപെടലുകൾ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ഈ പരിഷ്‌കരണം കോണ്ടു വരുന്നത്. മാത്രമല്ല, ഭരണ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് 45 ബില്യണ്‍ പൗണ്ടോളം ലാഭിക്കുക എന്ന ലക്ഷ്യത്തിലേയ്ക്കും ഇത് സഹായകമാകും. ഡ്രൈവിംഗ് ലൈസന്‍സ് ഐ ഡിയായി ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു പരിഷ്‌കാരമായിരിക്കും ഇതെന്നു ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹീദി അലക്സാണ്ടര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ്, ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായി അതില്‍ ലഭ്യമാകുന്ന രേഖ ഡിജിറ്റല്‍ വെറ്ററന്‍ കാര്‍ഡ് ആയിരിക്കും. വര്‍ഷം അവസാനത്തോടെ ഇതില്‍ ഡ്രൈവിംഗ് ലൈസന്‍സും ലഭ്യമാക്കും. സന്‍സ് ഉപയോഗിക്കുന്ന എല്ലാ കാര്യത്തിനും നിങ്ങള്‍ക്ക് ഡിജിറ്റല്‍ ലൈസന്‍സും ഉപയോഗിക്കാന്‍ കഴിയും. അതേസമയം, ഡിജിറ്റല്‍ ലൈസന്‍സ് എടുക്കണം എന്നത് നിര്‍ബന്ധമല്ല , അതില്‍ ലഭ്യമാകുന്ന രേഖകളുടെ എല്ലാം ഫിസിക്കല്‍ പകര്‍പ്പുകള്‍ക്ക് തുടര്‍ന്നും സാധുതയുണ്ടായിരിക്കുമെന്നും ഡി എസ്. ഐ. ടി വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ലൈസന്‍സിനായി അധിക ചാര്‍ജ്ജ് നല്‍കേണ്ടതുമില്ല. ഇത് പൂര്‍ണ്ണമായും സൗജന്യമായിരിക്കും.