കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടത് 70137 ഫോണുകൾ:ടെലിഫോൺ മോഷണത്തിൽ വൻ റെക്കോർഡ് സൃഷ്ടിച്ച് ലണ്ടൻ നഗരം. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് കഴിഞ്ഞ ദിവസം പുതിയ കണക്കുകൾ പുറത്തുവിട്ടു.
2024ൽ 70,137 മൊബൈൽ ഫോണുകൾ ലണ്ടൻ നഗരത്തിൽ മോഷ്ടിക്കപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിന് പുറമെ പോലീസിൽ പരാതി നല്കാത്ത സംഭവങ്ങളുമുണ്ട്.
പരാതി നൽകിയാലും ഒരു റഫറൻസ് നമ്പരിൽ മാത്രം നടപടി ഒതുങ്ങുമെന്നതിനാൽ മൊബൈൽ മോഷണത്തിൽ പലരും കേസുമായി പോകാറില്ല. ഈ വസ്തുത കൂടി കണക്കാക്കിയാൽ യഥാർഥ മോഷണസംഖ്യ ഇരട്ടിയാകും.2023ൽ 52,428 ഫോൺ മോഷണക്കേസുകളാണ് നഗരത്തിൽ റജിസ്റ്റർ ചെയ്തത്. ഇതാണ് ഒറ്റവർഷംകൊണ്ട് 70,137 ആയി വർധിച്ചത്.
2020 ലാകട്ടെ 20,000 ഫോൺ മോഷണങ്ങൾ ലണ്ടനിൽ നടന്നു.
രാജ്യത്താകെ 100,000 ഫോണുകളാണ് കഴിഞ്ഞവർഷം മോഷ്ടിക്കപ്പെട്ടത്. ഇതിൽ 70,137എണ്ണവും ലണ്ടൻ നഗരത്തിൽ.മോട്ടർ ബൈക്കുകളിലെത്തി കാൽനടയാത്രക്കാരിൽനിന്നും ഫോൺ തട്ടിയെടുത്ത് നിമിഷ നേരംക്കൊണ്ട് മുങ്ങുന്നതാണ് മോഷണ രീതിയിൽ കൂടുതൽ. മോഷ്ടിക്കപ്പെടുന്ന മൊബൈലുകളിൽ അധികവും നൈജീരിയയിലേക്കും ചൈനയിലേക്കും കടത്താനാണ് മോഷ്ടാക്കൾ ഇതിനോടകം ശ്രമിക്കുന്നത്.