മേക്കിങ് കൊണ്ടും സിനിമാറ്റിക് രംഗങ്ങളാലും മലയാള സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്താവുന്ന പൃഥ്വിരാജ് സുകുമാരൻ–മോഹൻലാൽ ചിത്രമായ എമ്പുരാൻ ഒന്നാം ദിവസം പിന്നിട്ടപ്പോൾ തന്നെ ഓവർസീസ് കളക്ഷനിൽ തമ്പുരാനായി. ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 100 കോടി കടക്കുമെന്ന വിതരണക്കാരുടെ പ്രതീക്ഷ ശരിവയ്ക്കും വിധമാണ് ഒന്നാം ദിവസം 43.93 കോടി രൂപ നേടിയെന്ന കണക്കുകൾ പുറത്തു വന്നത്. ഗൾഫ് ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നും 20.93 കോടി രൂപയും യുകെ, യുഎസ് ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് 23 കോടി രൂപയുടെ കളക്ഷനുമാണ് ലഭിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിൽ 100 കോടി ഓവർസീസ് കളക്ഷൻ നേടുക എമ്പുരാൻ ആയിരിക്കുമെന്ന് റിലീസിന് മുൻപായി വിതരണക്കാർ അവകാശപ്പെട്ടിരുന്നു .പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതൽ കളക്ഷൻ ലഭിച്ചത് യുകെയിൽ നിന്നാണെന്ന് എമ്പുരാന്റെ യുകെ, യൂറോപ്പ് രാജ്യങ്ങളിലെ വിതരണാവകാശം നേടിയ ആർഎഫ്ടി ഫിലിംസ് ഉടമ റോണാൾഡ് തോണ്ടിക്കൽ പറഞ്ഞു.
ഓവർസീസ് കളക്ഷനിൽ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനേക്കാൾ ഓപ്പണിങ് ആണ് എമ്പുരാന് ലഭിച്ചത്. യുകെയിൽ
6 കോടി, യുഎസിൽ 4.3 കോടി, ഓസ്ട്രേലിയയിൽ 2.63 കോടി, കാനഡ 3.5 കോടി, ജർമനി 1.3 കോടി, അയർലൻഡ് 75 ലക്ഷം,
ന്യൂസീലൻഡ് 65 ലക്ഷം, മറ്റ് രാജ്യങ്ങൾ 3.87 കോടി രൂപയുമാണ് ഒന്നാം ദിവസം ലഭിച്ചത്. കണക്കുകൾ പ്രകാരം യുകെയിലും ന്യൂസീലൻഡിലും ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറി.യുകെയിൽ മാത്രം റിലീസ് ദിനത്തിൽ 246 ൽപ്പരം തിയറ്ററുകളിലായി 1200 ൽപ്പരം ഷോകളാണ് മലയാളം, തമിഴ്, ഹിന്ദി,തെലുങ്ക് ഭാഷകളിലായി പ്രദർശിപ്പിക്കുന്നത്. ഇതിൽ ചില തിയറ്ററുകളിൽ 25 ഷോകൾ വരെ നടത്തി. യുകെയിൽ പ്രീ-സെയിലിലൂടെ രണ്ട് ലക്ഷത്തിൽ അധികം ടിക്കറ്റുകളാണ് വിറ്റു പോയത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമകളിൽ ഒന്നായാണ് എമ്പുരാന്റെ നിർമാണത്തെ സിനിമ നിരീക്ഷകർ നോക്കി കാണുന്നത് .