ആപ്പിളിന് ഫ്രാന്‍സില്‍ പിഴ 1388 കോടിയിലേറെ രൂപ

സ്വന്തം സ്വകാര്യതാ നിയമം സ്വയം പാലിക്കാത്ത ആപ്പിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. 15 കോടി യൂറോ, അതായത് ഏകദേശം 1388 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് പിഴയിട്ടത്.

ഫ്രാന്‍സിലെ മത്സര നിയന്ത്രണ അതോറിറ്റിയാണ് പിഴ ചുമത്തിയത്. തങ്ങളുടെ തീരുമാനം എന്താണെന്ന് ആപ്പിള്‍ ഏഴ് ദിവസത്തിനകം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മത്സര നിയന്ത്രണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഫ്രഞ്ച് മത്സര നിയന്ത്രണ അതോറിറ്റിയുടെ തീരുമാനത്തില്‍ തങ്ങള്‍ നിരാശരാണെന്ന് ആപ്പിള്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

2021ല്‍ അവതരിപ്പിച്ച ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി (എടിടി) എന്ന സോഫ്റ്റ്വെയര്‍ കാരണമാണ് ആപ്പിളിന് പിഴകിട്ടിയത്. ഐഫോണിലോ ഐപാഡിലോ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു ആപ്പ് മറ്റ് ആപ്പുകളിലേയും വെബ്സൈറ്റുകളിലേയും ആക്റ്റിവിറ്റികള്‍ ട്രാക്ക് ചെയ്യുന്നതിന് ഉപഭോക്താവിന്റെ സമ്മതം ആവശ്യപ്പെടുന്നതാണ് എടിടി.

ആപ്പിളിന്റെ പരസ്യസേവനത്തിനായി ഉപഭോക്താക്കളുടെ സമ്മതം ചോദിക്കാതെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പിള്‍ തങ്ങളുടെ എതിരാളികള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതാണ് മത്സര നിയന്ത്രണ അതോറിറ്റി പിഴ ചുമത്താന്‍ കാരണമായത്. ഇതേ പരാതിയിന്മേല്‍ ജര്‍മ്മനി, ഇറ്റലി, റൊമാനിയ, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വിശദമായി പരിശോധന നടത്തുന്നുണ്ട്.