യുക്മ ചാരിറ്റിയ്ക്ക് പുതിയ നേതൃത്വം

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനായി അലക്‌സ് വര്‍ഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. യുകെയിലെ വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനില്‍ യുക്മ ജനറല്‍ കൗണ്‍സിലില്‍ നിന്നുമുള്ള അംഗങ്ങളെയാണ് ദേശീയ സമിതി യോഗം ചേര്‍ന്ന് ട്രസ്റ്റിമാരായി തെരഞ്ഞെടുക്കുകയും തുടര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തിലാണ് വൈസ് ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ തീരുമാനിച്ചത്. യുകെ മലയാളി സമൂഹത്തിന് കൂടുതല്‍ പ്രയോജനകരമാകുന്ന വിധത്തില്‍ യുക്മ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അലക്‌സ് വര്‍ഗ്ഗീസിന്റെയും ഷാജി തോമസിന്റെയും പരിചയ സമ്പത്ത് പ്രയോജനകരമാകുമെന്ന് ദേശീയ സമിതി വിലയിരുത്തി. എബി സെബാസ്റ്റ്യന്‍, ജയകുമാര്‍ നായര്‍, അലക്‌സ് വര്‍ഗീസ്, ഷാജി തോമസ്, മനോജ് കുമാര്‍ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, കുര്യന്‍ ജോര്‍ജ് എന്നിവരാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാര്‍.