തൊഴിൽ പരിശീലന കാലാവധി കുറച്ച് യുകെ; ഓഗസ്റ്റ് മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ

19 വയസിന് മുകളിലുള്ള അപ്രന്റീസുകള്‍ക്ക് തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ കണക്ക്, ഇംഗ്ലിഷ് യോഗ്യതകള്‍ ഇനി ആവശ്യമില്ലെന്ന് യുകെ വിദ്യാഭ്യാസ വകുപ്പ്. തൊഴില്‍ പരിശീലന കാലം പന്ത്രണ്ടില്‍ നിന്ന് 8 മാസമായും കുറച്ചിട്ടുണ്ട്. തൊഴില്‍ പരിശീലന കാലത്തിന്റെ കുറഞ്ഞ കാലയളവ് 8 മാസമായി കുറച്ചുകൊണ്ടുള്ള വ്യവസ്ഥ ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് പ്രാബല്യത്തിലാകുക. 19 വയസ്സിന് മുകളിൽ പ്രായമുള്ള അപ്രന്റിസുകൾക്ക് കോഴ്സ് പാസാകാൻ ലെവൽ 2 ഇംഗ്ലിഷ്, കണക്ക് യോഗ്യത വേണോ വേണ്ടയോ എന്നത് തൊഴിലുടമകൾക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച ചട്ടം ഉടൻ പ്രാബല്യത്തിലാകും. ദേശീയ അപ്രന്റിസ്ഷിപ്പ് വാരാഘോഷത്തിന്റെ ഭാഗമായി സൗത്ത് ലണ്ടനിലെ ഹൗസിങ് ഡവലപ്മെന്റ് സൈറ്റ് സന്ദർശനത്തോട് അനുബന്ധിച്ചാണ് എജ്യൂക്കേഷൻ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പുതിയ മാറ്റം പ്രഖ്യാപിച്ചത്. തൊഴില്‍ പരിശീലന കാലം കുറയ്ക്കണമെന്ന തൊഴിലുടമകളുടെ നിരന്തര ആവശ്യ പ്രകാരമാണ് പുതിയ മാറ്റം.

നിലവിലെ ചട്ട പ്രകാരം ലെവല്‍ 2 അപ്രന്റിസ്ഷിപ്പിന് ഇംഗ്ലിഷ്, കണക്ക് യോഗ്യത നിര്‍ബന്ധമാണ്. അപ്രന്റിസ്ഷിപ്പ് യോഗ്യതകള്‍ സംബന്ധിച്ച പുതിയ മാറ്റം പ്രതിവര്‍ഷം തൊഴില്‍ പരിശീലന മേഖലയിലെ പതിനായിരത്തോളം പേര്‍ക്ക് യോഗ്യത നേടാന്‍ ഗുണകരമാകും. ആരോഗ്യം, സാമൂഹിക പരിചരണം, നിര്‍മാണം എന്നീ മേഖലകളിലുള്ളവർക്കും പ്രയോജനം ചെയ്യും. ഹരിത ഊര്‍ജം, ആരോഗ്യ പരിചരണം, സിനിമ-ടെലിവിഷന്‍ പ്രൊഡക്ഷന്‍ എന്നീ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഹ്രസ്വകാല അപ്രന്റിസ്ഷിപ്പിനു ഫണ്ട് അനുവദിക്കും. യുകെയില്‍ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്ന നൂറുകണക്കിന് ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ ഉൾപ്പെടെയുള്ളവര്‍ക്ക് പുതിയ ചട്ടം പ്രയോജനം ചെയ്യും.