മണത്ത് കണ്ടെത്തിയത് നൂറോളം കുഴിബോംബുകള്‍; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി എലി

നൂറിലധികം കുഴിബോംബുകള്‍ കണ്ടെത്തിയ ആദ്യത്തെ എലിയായി ചരിത്രം സൃഷ്ടിച്ചിരിക്കയാണ് ഒരു എലി. അഞ്ച് വയസ്സുള്ള ആഫ്രിക്കൻ ഭീമൻ സഞ്ചി എലി (African giant pouched rat)യായ റോണിൻ ആണ് പുതിയ റെക്കോർഡുമായി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

2021 മുതല്‍ കംബോഡിയയിലുടനീളം 109 കുഴിബോംബുകളും പൊട്ടാത്ത 15 വെടിക്കോപ്പുകളും കണ്ടെത്തിയാണ് റോണിൻ ഈ നേട്ടം സ്വന്തമാക്കിയത്.

ഏകദേശം 30 വർഷത്തോളമായി എലികളെ കുഴിബോംബുകള്‍ കണ്ടെത്തുന്നതിനായി പരിശീലിപ്പിക്കുന്ന അപ്പോപ്പോ എന്ന സംഘടനയില്‍ നിന്നാണ് റോണിന് പരിശീലനം ലഭിച്ചത്. ഈ മൃഗങ്ങള്‍ ഒരു ഗ്രിഡ് സിസ്റ്റത്തില്‍ പ്രവർത്തിക്കുകയും നിലത്ത് മാന്തികുഴിയുണ്ടാക്കുന്നതിലൂടെ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് സൂചന നല്‍കുകയും ചെയ്യുന്നു. കഠിനാധ്വാനിയും ആരുമായും പെട്ടന്ന് ചങ്ങാത്തം കൂടുന്നവനുമാണ് റോണിനെന്നാണ് പരിശീലകൻ പറയുന്നത്.

റോണിൻ ഉള്‍പ്പെടെയുള്ള എലികളെ ഒരു ദിവസം ഏകദേശം 30 മിനിറ്റ് മാത്രമേ ജോലി ചെയ്യാൻ നിർബന്ധിക്കാറുള്ളൂ. ഒരു നിശ്ചിത പ്രായത്തിനുശേഷം അവയുടെ ക്ഷേമം ഉറപ്പാക്കാൻ എലികളെ ഈ ജോലിയില്‍ നിന്നും വിരമിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കുഴിബോംബുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലൊന്നാണ് കംബോഡിയ. 1998-ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചിട്ടും, 1,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി ഇപ്പോഴും മലിനമാണ്. പ്രതിശീർഷ അംഗവൈകല്യമുള്ളവരുടെ ഏറ്റവും ഉയർന്ന നിരക്കും ഈ രാജ്യത്താണ്. സ്ഫോടക വസ്തുക്കള്‍ മൂലം 40,000-ത്തിലധികം ആളുകള്‍ക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടു.