യുകെയിലും അയർലണ്ടിലും ഇനി വേനൽ കാലം

യുകെയിലും അയർലൻഡിലും ഇനി വെയിൽ കാലം. ഇരു രാജ്യങ്ങളിലും ഈസ്റ്റർ ദിനങ്ങളിൽ നീലാകാശവും സൂര്യ പ്രകാശവും കാണാൻ കഴിയുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന സൂചന. അയര്‍ലൻഡിൽ കഴിഞ്ഞ ദിവസങ്ങളായുള്ള ചൂടേറിയ കാലാസവസ്ഥ ഈ ആഴ്ചയിലും തുടരുമെന്നാണ് മെറ്റ് ഏറാൻ നൽകുന്ന റിപ്പോർട്ട്. വരും ദിവസങ്ങളില്‍ താപനില19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം രാത്രിയില്‍ തണുപ്പ് അനുഭവപ്പെടും. യുകെയിൽ നേരിയ കാറ്റോടു കൂടിയ ചൂട് അനുഭവപ്പെടുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രമായ എക്‌സീറ്ററിലെ മെറ്റ് ഓഫിസ് നൽകുന്ന സൂചന. ചൊവ്വാഴ്ചയോടെ ഇംഗ്ലണ്ടിന്റെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിലും സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും 20 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. നോർത്തേൺ അയർലൻഡിന്റെ ചില ഭാഗങ്ങളിലും ഇതേ താപനില തന്നെ ആയിരിക്കും. ബുധനാഴ്‌ച സൂര്യ പ്രകാശത്തോടൊപ്പം ചൂട് അനുഭവപ്പെടുമെങ്കിലും താപനില 9 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ കുറയും. തുടർന്ന് ഇംഗ്ലണ്ടിലും വെയിൽസിലും 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില കാണാനാകും. എന്നിരുന്നാലും യുകെയിലെ കർഷകർ മുൻകരുതൽ എടുക്കണമെന്നും പകൽസമയത്തെ താപനില ഉയരുമ്പോഴും രാത്രികളിൽ തണുപ്പ് വരാനുള്ള സാധ്യത ഉണ്ടെന്നും മെറ്റ് ഓഫിസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.