ജർമനിയിൽ ശമ്പള വർധന; ഒപ്പം ഷിഫ്റ്റ് ബോണസും അവധിയും

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ജര്‍മനിയിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം അവസാനിച്ചു. പുതിയ കരാർ അനുസരിച്ച് രണ്ട് ഘട്ടങ്ങളായാണ് ശമ്പള വർധനവ്. 2025 ഏപ്രിൽ മുതൽ, പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം മൂന്ന് ശതമാനം വർധിക്കും. പ്രതിമാസം കുറഞ്ഞത് 110 യൂറോയുടെ വർധനവാണിത്. 2026 മെയ് 1 മുതൽ 2.8 ശതമാനം വർധനവ് കൂടി നിശ്ചയിച്ചിട്ടുണ്ട്. രാജ്യ വ്യാപകമായി 2.6 ദശലക്ഷം ജീവനക്കാര്‍ക്കാണ് പുതിയ കരാർ ബാധകമാകുക. പുതിയ കരാറനുസരിച്ച് ശമ്പള വർധനവിനൊപ്പം, മികച്ച ഷിഫ്റ്റ് അലവൻസുകളും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉൾപ്പെടും. മുനിസിപ്പൽ ആശുപത്രികളിലെ ജീവനക്കാർക്ക് പ്രത്യേക വ്യവസ്ഥകൾ ബാധകമാണ്. ആശുപത്രി ജീവനക്കാർക്കു ജോലി സമയം സ്വമേധയാ, താൽക്കാലികമായി ആഴ്ചയിൽ 42 മണിക്കൂർ വരെ പരിഷ്കരിക്കാൻ കഴിയും. 2027 മുതൽ ജീവനക്കാർക്ക് ഒരു അധിക അവധിദിനം കൂടി ലഭിക്കും. തൊളിലാഴികൾക്ക് അവരുടെ 13-ാം മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം മൂന്ന് അധിക അവധി ദിവസമാക്കി മാറ്റാൻ കഴിയും. ഫെഡറല്‍ മിനിസ്ട്രി ഓഫ് ദി ഇന്റീരിയറും അസോസിയേഷന്‍ ഓഫ് മുനിസിപ്പല്‍ എംപ്ലോയേഴ്‌സും അസോസിയേഷനുകളും, തൊഴിലുടമകളും, വെര്‍ഡി യൂണിയനും, ഡിബിബി സിവില്‍ സര്‍വീസ് അസോസിയേഷനുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. പൊതുമേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മികച്ചതാക്കാനുളള തീരുമാനങ്ങളാണ് ഇതെന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറഞ്ഞു.