ഭക്ഷ്യ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുകെ

ഭക്ഷ്യ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലാബില്‍ തയ്യാറാക്കുന്ന മാംസം, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര എന്നിവ ഇനി യുകെയിലെ മാര്‍ക്കറ്റുകളിലേയ്ക്കും. മുന്‍പ് ഉണ്ടായിരുന്ന വേഗത്തിനേക്കാൾ ആണ് ഇവ മനുഷ്യ ഉപഭോഗത്തിനായി വില്‍പ്പനയ്‌ക്കെത്തുന്നത്. യുകെയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റുകളില്‍ ഇവ ലഭ്യമാകും. ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എ) ഇത്തരത്തില്‍ ലാബില്‍ ഉണ്ടാക്കുന്ന ഭക്ഷണ ഉല്‍പന്നങ്ങള്‍ക്കുള്ള അംഗീകാര പ്രക്രിയ വേഗത്തിലാക്കാനുള്ള പ്രയത്നത്തിലാണിപ്പോള്‍. കെമിക്കല്‍ പ്ലാന്റ്കളിലെ കോശങ്ങളില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്.
യുകെ കമ്പനികള്‍ ഈ ശാസ്ത്ര മുന്നേറ്റത്തില്‍ മുന്‍പന്തിയിലാണെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ അവരുടെ പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക വിദഗ്ദ്ധര്‍ പങ്കുവച്ചു. ലാബില്‍ നിന്ന് തയാറാക്കിയ വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള ഭക്ഷണം ഇതിനോടകം തന്നെ വിപണിയില്‍ ലഭ്യമാണ്. ഇതിന് പിന്നാലെ നായകള്‍ക്കായി ലാബില്‍ തയ്യാറാക്കിയ മാംസം യുകെ വിപണിയിലും ആദ്യമായി എത്തി. 2020-ല്‍, മനുഷ്യ ഉപഭോഗത്തിനായി സെല്‍-കൃഷി ചെയ്ത മാംസം വില്‍ക്കുന്നതിന് അംഗീകാരം നല്‍കുന്ന ആദ്യത്തെ രാജ്യമായി സിംഗപ്പൂര്‍ മാറിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയും പിന്നീട് ഇസ്രയേലും ഈ പാത പിന്തുടര്‍ന്നു.യുകെയില്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയും (FSA) ഫുഡ് കമ്പനികളില്‍ നിന്നുള്ള വിദഗ്ധരും അക്കാദമിക് ഗവേഷകരും ചേര്‍ന്ന് അംഗീകാരങ്ങള്‍ വേഗത്തിലാക്കാന്‍ തയ്യാറെടുക്കുകയാണ്.