ചൈനക്കുമേല്‍ ചുമത്തുന്ന അധിക തീരുവയില്‍ യു.എസ് വീണ്ടും വർധന വരുത്തിയതോടെ ലോകം സാമ്ബത്തികമാന്ദ്യത്തിന്റെ ഭീതിയിൽ.
കഴിഞ്ഞ ദിവസം അധിക തീരുവ ഏർപ്പെടുത്തിയതോടെ ചൈനയില്‍ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വസ്തുക്കളുടേയും നികുതി 145 ശതമാനമായി ഉയർന്നു.
ബുധനാഴ്ച ചൈനക്കുമേല്‍ യു.എസ് 125 ശതമാനം നികുതി ചുമത്തിയിരുന്നു. പിന്നീട് വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു. നേരത്തെ ചുമത്തിയ 20 ശതമാനത്തിന് പുറമേയാണ് 125 ശതമാനം നികുതി ചുമത്തിയതെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.
ചൈനയുമായുള്ള വ്യാപാര യുദ്ധം യു.എസ് വിപണികളുടെ കഴിഞ്ഞ ദിവസത്തെ നേട്ടം ഇല്ലാതാക്കി. എസ്&പി 500 3.5 ശതമാനവും ഡൗ ജോണ്‍സ് 2.5 ശതമാനവും നാസ്ഡാക് 4.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ഏഷ്യൻ ഓഹരി വിപണികളും തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്.
ജപ്പാൻ സൂചികയായ നിക്കിയില്‍ 4.5 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ദക്ഷിണകൊറിയയുടെ കൊസാപി സൂചികയില്‍ 1.7 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ്ങില്‍ 0.7 ശതമാനവും ആസ്ട്രേലിയയുടെ എ.എസ്.എക്സ് 200 1.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
അതേസമയം, പകരച്ചുങ്കത്തില്‍ അമേരിക്കക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടാൻ ചൈന തീരുമാനിച്ചിരുന്നു. എന്നാല്‍, പല രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടും നേരിട്ട് അമേരിക്കെതിരെ രംഗത്തുവരാൻ അവർ തയാറായില്ല. വിവിധ രാജ്യങ്ങള്‍ ചർച്ചക്കായി സമീപിച്ച സാഹചര്യത്തില്‍ പകരച്ചുങ്ക തീരുമാനം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍, ചൈനക്കുള്ള തീരുവ 125 ശതമാനമാക്കുകയും ചെയ്തു. ചർച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. അവസാനം വരെ പോരാടുമെന്നും അവർ വ്യക്തമാക്കി.