ഇന്ത്യയുമായി 400 മില്യൻ പൗണ്ടിന്റെ വ്യാപാര, നിക്ഷേപ സഹകരണത്തിനായി യുകെ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ യുകെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ത്യയുമായി 400 മില്യൻ പൗണ്ടിന്റെ വ്യാപാര, നിക്ഷേപ സഹകരണം ഉണ്ടാകുമെന്ന് യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. ധനമന്ത്രി റേച്ചൽ റീവ്‌സ്, ബിസിനസ് ആൻഡ് ട്രേഡ് മന്ത്രി ജോനാഥൻ റെയ്‌നോൾഡ്‌സ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് യുകെയുടെ പ്രഖ്യാപനം. തുടർന്ന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വച്ച് നടന്ന 13-ാമത് ഇന്ത്യ – യുകെ ഇക്കണോമിക് ആൻഡ്ഫിനാൻഷ്യൽ ഡയലോഗ് (ഇ.എഫ്.ഡി) സമ്മേളനത്തിൽ ഇരുരാജ്യങ്ങളും വ്യാപാര, നിക്ഷേപ സഹകരണം ഉണ്ടാകുമെന്ന് സംയുക്തമായി പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള സഹകരണം ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അധ്വാനിക്കുന്ന ജനങ്ങൾക്ക് സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും നൽകുകയും ചെയ്യുമെന്ന്‌ ധനമന്ത്രി റേച്ചൽ റീവ്‌സ് പറഞ്ഞു. യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് മന്ത്രി ജോനാഥൻ റെയ്‌നോൾഡ്‌സ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത യുകെയിലെ വി​വി​ധ പെ​ൻ​ഷ​ൻ ഫ​ണ്ട് കമ്പനികൾ, ഇ​ൻ​ഷു​റ​ൻ​സ് കമ്പനികൾ, ബാ​ങ്കു​ക​ൾ, മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം​ ചെയ്തുള്ള അറുപതോളം നി​ക്ഷേ​പ​ക​രു​ടെ സംഗമത്തിലും ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന് നിർമല സീതാരാമൻ ധാരണയിലെത്തിയിട്ടുണ്ട്. 128 മില്യൻ പൗണ്ടിന്റെ പുതിയ പ്രഖ്യാപനങ്ങളും 271 മില്യന്റെ സമീപകാല പദ്ധതികളും ചേർത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉണ്ടാവുക.

മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ധ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച ഉണ്ടാകുന്നതിന് രാജ്യങ്ങൾ തമ്മിൽ നിക്ഷേപങ്ങൾ നടത്തണമെന്നും അതിനാലാണ്ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ നടത്തുവാൻ യുകെ തയാറാകുന്നതെന്നും യുകെയുടെ ധനമന്ത്രി റേച്ചൽ റീവ്‌സ് പറഞ്ഞു. പ്രതിരോധം, സാമ്പത്തിക സേവനങ്ങൾ, വിദ്യാഭ്യാസം, വികസനം എന്നിവയുൾപ്പെടെ നിരവധി വ്യാപാര മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന സംയുക്ത കരാറിൽ നിർമല സീതാരാമനും റേച്ചൽ റീവ്സും ഒപ്പുവച്ചു. വളർച്ച, സാമ്പത്തിക പ്രതിരോധം, രാജ്യാന്തര സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയിലുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുമെന്നും ഇരുവരും വ്യക്തമാക്കി. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നടന്ന സമ്മേളനത്തിൽ ഇരു രാജ്യങ്ങളും സാമ്പത്തിക സേവന ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ നയപരമായ സഹകരണം വർദ്ധിപ്പിക്കുന്നതിനും കരാറിൽ ഏർപ്പെട്ടു.