യുകെ മലയാളികൾ ഒരുക്കിയ ‘നീയെന്ന പൊരുൾ തേടി’ സംഗീത ആൽബം പുറത്തിറങ്ങി

യുകെ മലയാളികളുടെ സൗഹൃദക്കൂട്ടായ്മ ഒരുക്കിയ സംഗീത ആൽബം പുറത്തിറങ്ങി. ഗായകൻ മധു ബാലകൃഷ്ണന്റെ ശബ്ദത്തിൽ ഗാനം കേൾക്കുമ്പോൾ വരികൾക്കൊപ്പമുള്ള ചിത്രീകരണം കാഴ്ചക്കാരുടെ മുന്നിലെത്തിക്കുന്നത് ലഹരിയുടെ നീരാളിപ്പിടുത്തവും അതിൽ നിന്നുള്ള ഒരു യുവാവിന്റെ ഉയിർപ്പുമാണ്; തിന്മയെ തോൽപിച്ചുള്ള നന്മയുടെ ഉയിർപ്പിന്റെ സന്ദേശം. യുകെ മലയാളിയായ പ്രിൻസ് മാത്യുവിന്റേതാണ് ഹൃദയസ്പർശിയായ വരികളും സംഗീതവും. ഓർക്കസ്ട്ര ഒരുക്കിയത് ലിജോ മാളിയേക്കൽ. ലഹരിക്കെതിരെയുള്ള സന്ദേശം കൂടി നൽകണമെന്ന ആശയം ജെൻസി ജിനേഷാണ് മുന്നോട്ടുവെച്ചത്. ഷിബു ഫിലിപ്പും സുജ സന്തോഷും റോഷൻ ലാലും കഥാപാത്രങ്ങളായി ക്യാമറയ്ക്കു മുന്നിലെത്തി. പ്രാർഥനയും,നോവും വേർപാടും, തിരിച്ചറിവും നിറയുന്ന കാഴ്ചകൾ ക്യാമറയിലാക്കിയത് ജസ്റ്റിൻ അട്ടക്കാട്ട് ആണ്. ഫ്രാൻസിസ് സേവ്യറുടെ വയലിൻ സോളോയും വേറിട്ട അനുഭവം പകരുന്നു. പശ്ചാത്തല സംഗീതമൊരുക്കിയത്, മലയാളികൾക്ക്ഏറെ പരിചിതമായ പപ്പായത്തണ്ടു കൊണ്ട് ലിജു മാളിയേക്കൽ ചമഞ്ഞെടുത്ത ശബ്ദമാണ്. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം യുകെ മലയാളികൾ മാത്രമല്ല, നാട്ടിലുള്ളവരും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് പ്രിൻസ് മാത്യു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് പെട്ടെന്നൊരുക്കിയ കാരൾ ഗാനം കൂട്ടുകാരെല്ലാം കയ്യടിച്ചു സ്വീകരിച്ചതിന്റെ ബലത്തിലാണ് നോമ്പുഗീതത്തെക്കുറിച്ച് അവരോടു സംസാരിച്ചതെന്നു പ്രിൻസ് പറയുന്നു. ഇപ്പോൾ ഓസ്ട്രേലിയയിലുള്ള അനു എന്ന മ്യുസീഷ്യൻ ആണ് ഇത് ഭക്തിഗാനമായി പുറത്തിറക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടത്. അതു പകർന്ന ആത്മവിശ്വാസത്തിലാണ് മുന്നോട്ടു പോയതും ഗായകൻ മധു ബാലകൃഷ്ണനെക്കൊണ്ടു പാടിക്കാമെന്ന ചിന്തയിലേക്ക് എത്തിച്ചേർന്നതും. പലവട്ടം ആൽബം കണ്ടെന്നു ചിലർ പറയുമ്പോൾ പ്രിൻസും കൂട്ടുകാരും ആഗ്രഹിക്കുന്നത് ഒന്നേയുള്ളൂ, ഈ വരികളും കാഴ്ചകളും ഒരാളെയെങ്കിലും ലഹരിയിൽ നിന്നു പിന്തിരിപ്പിക്കണം എന്ന് മാത്രം.