സാമ്ബത്തിക തകർച്ചയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എഴുത്തുകാരനായ റോബർട്ട് കിയോസാക്കി. ‘റിച്ച് ഡാഡ് പുവർ ഡാഡ്’ എന്ന പേഴ്‌സണല്‍ ഫിനാൻസ് പുസ്തകത്തിന്റെ രചയിതാവാണ് റോബർട്ട് കിയോസാക്കി.
താനിതുവരെ പറഞ്ഞുകൊണ്ടിരുന്ന ആഗോള സാമ്ബത്തിക തകർച്ച തുടങ്ങിയിരിക്കുന്നു എന്ന മുന്നറിയിപ്പാണ് കിയോസാക്കി ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്വർണത്തിന്റെ വില കുതിച്ചുയരുന്നതും, വെള്ളിയുടെ ആവശ്യകത കൂടുന്നതും ബിറ്റ്‌കോയിന്റെ വളർച്ചയും ആഗോള സാമ്ബത്തിക വ്യവസ്ഥയിലെ അസ്ഥിരതയുടെ സൂചനയാണെന്ന് കിയോസാക്കി ചൂണ്ടികാണിക്കുന്നു.
സ്വർണവില എക്കാലത്തെയും ഉയർന്ന നിലയിലാണ്. കൂടാതെ വെള്ളിയുടെ ഡിമാൻഡും കൂടിക്കൊണ്ടിരിക്കുന്നു. ഒപ്പം ബിറ്റ്കോയിൻ കുതിച്ചുയരുകയാണ്. റിച്ച് ഡാഡ്സ് പ്രോഫസി, ഫേക്ക്, ഹു സ്റ്റോള്‍ മൈ പെൻഷൻ തുടങ്ങിയ രചനകളിലൂടെ നടത്തിയ പ്രവചനങ്ങളുമായി നിലവിലെ വിപണി മാറ്റങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് കിയോസാക്കി അപകട സാധ്യത വ്യക്തമാക്കുന്നത്.
ഇതില്‍ കിയോസാക്കി പ്രധാനമായും പറയുന്നത്, പരമ്ബരാഗത നിക്ഷേപ മാർഗങ്ങളായ സ്റ്റോക്കുകള്‍, ബോണ്ടുകള്‍, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നവർക്ക് താമസിയാതെ സമ്ബത്ത് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്. സ്വർണ്ണം, വെള്ളി, ബിറ്റ്കോയിൻ തുടങ്ങിയവയില്‍ നിക്ഷേപിച്ചുകൊണ്ട് നിക്ഷേപകർ അവരുടെ ഭാവി സുരക്ഷിതമാക്കണമെന്നുള്ള ഉപദേശവും കിയോസാക്കി നല്‍കുന്നു.
ഇത് കിയോസാക്കി നല്‍കുന്ന ആദ്യത്തെ മുന്നറിയിപ്പല്ല. 2023 മാർച്ചില്‍ നിലവിലെ സാമ്ബത്തിക പ്രതിസന്ധിയെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.