ലണ്ടൻ മാരത്തോൺ ഞായറാഴ്ച; 56, 000 പേർ ട്രാക്കിൽ



പ്രസിദ്ധമായ ലണ്ടൻ മാരത്തോണിന്റെ 45–ാം എഡിഷൻ ഞായറാഴ്ച നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 56,000 പേർ മത്സരത്തിൽ പങ്കെടുക്കും.
ഗ്രീനിച്ച് പാർക്കിൽ നിന്ന് ആരംഭിച്ച് ബക്കിങ്ങാം പാലസ് വഴി ലണ്ടൻ മാളിനു മുന്നിൽ അവസാനിക്കുന്ന മാരത്തോണിൽ ഓട്ടക്കാർ 26.2 മൈൽ ദൂരം താണ്ടും. ടവർ ബ്രിഡ്ജ്, കാനറി വാർഫ്, ബിഗ്ബെൻ വഴിയാണ് മാരത്തോൺ കടന്നു പോകുന്നത്.  ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടിഷ് മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും. പതിവുപോലെ കെനിയൻ ഓട്ടക്കാർ ഇത്തവണയും  വിജയസാധ്യതയുള്ളവരിൽ മുൻപന്തിയിലാണ്. വിജയികൾക്ക് 41,000 പൗണ്ടാണ് സമ്മാനത്തുക. ഇതിനുപുറമെ രണ്ടു മണിക്കൂർ രണ്ടു മിനിറ്റിൽ ഓട്ടം പൂർത്തിയാക്കുന്ന പുരുഷന്മാർക്കും രണ്ടു മണിക്കൂർ 15 മിനിറ്റിൽ താഴെ ഓടിയെത്തുന്ന വനിതകൾക്കും 112,000 പൗണ്ട് ബോണസ് നൽകും.

മുൻ ക്രിക്കറ്റ് താരങ്ങളായ ആൻഡ്രൂ സ്ടോസ്, അലിസ്റ്റർ കുക്ക്, കൊമീഡിയൻ രമേഷ് രംഗനാഥൻ, മുൻ ഫുട്ബോൾ താരങ്ങളായ ജാക്ക് വിൽഷെയർ, ജോൺ ടെറി, ലിയോനാഡോ ബൊനൂച്ചി തുടങ്ങിയ സെലിബ്രിറ്റികളും  മാരത്തണിൽ പങ്കെടുക്കുന്നുണ്ട്
840,318 അപേക്ഷകരാണ്  ഓട്ടത്തിനായി റജിസ്റ്റർ ചെയ്തത്. ഇവരിൽനിന്ന് നറുക്കെടുത്താണ് 56,000 പേരെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഏകദിന ഫണ്ട് റെയ്സിങ് ഇവന്റായ ലണ്ടൻ മാരത്തോൺ ഇതിനോടകം 1.3 ബില്യൻ പൗണ്ട് വിവിധ ചാരിറ്റികൾക്കായി സമാഹരിച്ചിട്ടുണ്ട്.

രാവിലെ 08:50ന് ആരംഭിക്കുന്ന മാരത്തോൺ 11:30ന് അവസാനിക്കും. ഞായറാഴ്ച ലണ്ടനിൽ മികച്ച കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. തെളിഞ്ഞ ആകാശവും ചെറിയ കാറ്റും 13 ഡിഗ്രി ചൂടുമാണ് നിലവിലെ പ്രവചനം. ഉച്ചയോടെ 21 ഡിഗ്രി വരെ താപനില ഉയരുമെന്നും കരുതുന്നു.