ബാങ്കുകൾക്ക് ഇനി പുതിയ വെബ് വിലാസം


ഒക്ടോബർ 31ന് മുൻപായി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം മാറ്റാൻ റിസർവ് ബാങ്കിന്റെ നിർദേശം. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. 
എത്രയും വേഗം പുതിയ വെബ്‍വിലാസത്തിനായി അപേക്ഷിക്കാ‍ൻ ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ബാങ്കുകളുടെ വെബ്സൈറ്റിനോട്
സാദൃശ്യം തോന്നിക്കുന്ന പേജുകളും വെബ്‍ വിലാസവും ഉപയോഗിച്ച് നടത്തുന്ന സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയാനാണ് നീക്കം. bank.in എന്നവസാനിക്കുന്ന വെബ്‍വിലാസം പരിശോധിച്ചുറപ്പാക്കിയാൽ തട്ടിപ്പിൽ നിന്ന് രക്ഷതേടാം.

ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വിലാസത്തിന്റെ ഒടുവിൽ fin.in എന്ന് ചേർക്കാനും നിർദേശമുണ്ട്. bank.in.,
fin.in എന്നീ വിലാസങ്ങൾ മറ്റാർക്കും വാങ്ങി ഉപയോഗിക്കാനാകില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി (ഐഡിആർബിടി) എന്ന സ്ഥാപനത്തിനായിരിക്കും വെബ്‍വിലാസങ്ങളുടെ ചുമതല.