നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിക്കുന്ന ടാലന്റ് ഷോയുടെ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ റിഥമിക് കിഡ്സ് ടീം മാറ്റുരയ്ക്കും. ലിങ്കൺഷയറിലെ വിവിധ ടീമുകളുമായി മത്സരിച്ചാണ് കുട്ടികളുടെ സംഘം ഫൈനലിൽ പ്രവേശിച്ചത്. ഏപ്രിൽ 26ന് സ്കൻതോർപ്പിലെ ദി ബാത്ത്സ് ഹാൾ തിയറ്ററിലാണ് ‘സ്പോട്ട്ലൈറ്റ് ദി ബിഗ് നോർത്ത് ലിങ്കൺഷയർ ടാലന്റ് ഷോ’ ഫൈനൽ നടക്കുന്നത്. മത്സരത്തിൽ 13 ടീമുകളാണ് പങ്കെടുക്കുന്നത്. ഫൈനലിലെ ഏക ഇംഗ്ലിഷ് ഇതര ടീമാണ് റിഥമിക് കിഡ്സ് ഡാൻസ് ഗ്രൂപ്പ്. 200ൽ അധികം വിഡിയോ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 35 ടീമുകളിൽ നിന്നാണ് റിഥമിക് കിഡ്സ് ഒഡീഷനിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത്.
യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫറായ കലാഭവൻ നൈസിന്റെ ശിക്ഷണത്തിലാണ് കരോൾ ബ്ളസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാന ബിനു വർഗീസ്, ഇഷാൻ സൂരജ്, ഇവാ അജേഷ്, ജെസാ ജിമ്മി, ഇവാനാ ലിബിൻ, അഡ്വിക് മനോജ്, ജിയാ ജിമ്മി, സിയോണ പ്രിൻസ് എന്നിവരടങ്ങുന്ന റിഥമിക് കിഡ്സ് ടീമാണ് സ്റ്റേജിൽ പ്രകടനം നടത്തുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ഗബ്രിയേല ബിനോയി ടാലന്റ് ഷോയുടെ ഫൈനലിൽ ഭരതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഭൂരിഭാഗം ഇംഗ്ലിഷ് പ്രകടനങ്ങൾക്കിടയിലും ഗബ്രിയേലയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പ്രകടനം മറ്റു നോൺ-ഇംഗ്ലിഷ് ടീമുകൾക്ക് പ്രചോദനമായെന്നും ഇത്തവണ കൂടുതൽ അപേക്ഷകൾ ലഭിക്കാൻ കാരണമായെന്നും നോർത്ത് ലിങ്കൺഷയർ തിയറ്റഴ്സ് അറിയിച്ചു.