യാത്രാമൊഴിയേകി ലോകം; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകം ഇന്ന്  വിട നൽകും. സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.
പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു.

കർദിനാൾ തിരു സംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യ കാർമികത്വം വഹിക്കും. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മജർ ആർച്ച് ബിഷപ്പ് കിർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സഹ കാർമികരാകും.

രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മറ്റ് ലോക നേതാക്കൾക്കൊപ്പം രാഷ്ട്രപതിയും ഇന്ന് സംസ്കാര ചടങ്ങിലും  പങ്കെടുക്കും.
യുഎസ് പ്രസിഡന്റ് സൊണാൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, വില്യം രാജകുമാരൻ, ഇറ്റലി പ്രധാനമന്ത്രി ജോർജ് മിലൈ, ഫിലിപ്പീൻസ് പ്രസി‍ഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.

ഏപ്രില്‍ 21-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നും പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നുമാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.