2029 ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ലണ്ടൻ ഒരുങ്ങുന്നു.

2029-ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾക്ക് ലണ്ടൻ തുടക്കമിട്ടതായി സംഘാടകർ അറിയിച്ചു. ഇതിന്റെ ഭാഗമായി യുകെ അത്‌ലറ്റിക്‌സ്, ഗ്രേറ്റ് റൺ കമ്പനി, ലണ്ടൻ മാരത്തൺ ഇവന്റ്‌സ് എന്നിവർ ചേർന്നുള്ള സംയുക്ത സംരംഭം സാധ്യതാ പഠനം പൂർത്തിയാക്കി. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സെപ്റ്റംബറിൽ ലോക അത്‌ലറ്റിക്‌സിനെ തങ്ങളുടെ താല്പര്യം ഔദ്യോഗികമായി അറിയിക്കാനാണ് നീക്കം. ലണ്ടൻ്റെ ഈ ശ്രമം വിജയം കാണണമെങ്കിൽ, ചാമ്പ്യൻഷിപ്പ് നടത്തിപ്പിനായി സർക്കാരിൽ നിന്ന് 45 മില്യൺ പൗണ്ടിന്റെ സാമ്പത്തിക പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. 2017-ന് ശേഷം ആദ്യമായാവും ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ലണ്ടൻ വേദിയാകുന്നത്. 2017-ൽ നടന്ന ചാമ്പ്യൻഷിപ്പ് വൻ വിജയമായിരുന്നു, അന്ന് എല്ലാ സെഷനുകളിലും സ്റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു.

യുകെയിലെ കായികരംഗത്തിന് കൂടുതൽ സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘അത്‌ലറ്റിക് വെഞ്ച്വേഴ്‌സ്’ എന്ന പേരിൽ ഈ മൂന്ന് പ്രമുഖ സ്ഥാപനങ്ങളും ചേർന്ന് 2024 ഏപ്രിലിൽ സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. ഇവരുടെ സാധ്യതാ പഠനം അനുസരിച്ച്, 2029-ലെ ചാമ്പ്യൻഷിപ്പ് ലണ്ടനിൽ നടക്കുകയാണെങ്കിൽ അത് 400 മില്യൺ പൗണ്ടിലധികം സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റത്തിന് കാരണമാകും. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽപ്പോലും, കായികമേളകൾക്ക് രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും വൈകാരികമായും ഉയർത്താൻ സാധിക്കുമെന്നും, അതിനാൽ സർക്കാർ പിന്തുണ ലഭിക്കുമെന്നും യുകെ അത്‌ലറ്റിക്‌സ് പ്രസിഡന്റ് ഡെനിസ് ലൂയിസ് പറഞ്ഞു.