ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ; ഷൈനിയുടെ കുടുംബശ്രീയിലെ കടം വീട്ടി യുകെ മലയാളികൾ

ഏറ്റുമാനൂരിൽ രണ്ടു പെൺമക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം വീട്ടി യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. ഇവർ നടത്തിയ
ധനസമാഹരണത്തിലൂടെ ലഭിച്ച 9450 പൗണ്ട് (103399 രൂപ) കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് മുഖേന കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറി. ഷൈനിക്ക് കുടുംബശ്രീയിൽ 95,225 രൂപയാണ് കടമുണ്ടായിരുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഷൈനിയും രണ്ടു പെൺമക്കളും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്നങ്ങളാൽ ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. കടം വീട്ടിയ ശേഷം ബാക്കി വന്ന തുക കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പുരോഗിയായ വരകിൽ വീട്ടിൽ വി.കെ ഷാജിയ്ക്ക് നൽകി. ഷൈനിയുടെ കടം വീട്ടുന്നതിന് നടത്തിയ സഹായത്തിനെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ സഹകരിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു. കൂലിപ്പണിക്കാരായ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം
ബാധ്യതയാകാതിരിക്കുക എന്നതായിരുന്നു ഇടുക്കി ചാരിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ധനശേഖരണത്തിൽ സഹകരിച്ച യുകെയിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ട. ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ ജിമ്മി ചെറിയാൻ, ലിവർപൂൾ ക്‌നാനായ കമ്മ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ്, ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവർക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു. യുകെ മലയാളികളായ തമ്പി ജോസ്, സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് സംഘടനയുടെ ഭാരവാഹികൾ.