വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ആഗോള ലഹരിവിരുദ്ധ ക്യാംപെയ്ൻ വിയന്നയിലെ ഹെഡ്
ക്വാർട്ടേഴ്‌സിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുന്നതിലാണ്
ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേരളത്തിൽ അവിശ്വസനീയമായ രീതിയിൽ വളരുന്ന ലഹരിയുടെ വിതരണ ശൃംഖല തകർക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും വി.ഡി. സതീശൻ ചടങ്ങിൽ ആവശ്യപ്പെട്ടു. ഡബ്ല്യുഎംഎഫിന് സാന്നിധ്യമുള്ള 166 രാജ്യങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ക്യാംപെയ്ൻ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. ക്യാംപെയ്ന്റെ ഭാഗമായി കൊച്ചിയിൽ ജനകീയ മാരാത്തോൺ, ലഹരിക്കെതിരായ സാഹിത്യ-ചിത്രകല മത്സരങ്ങൾ, ബോധവൽക്കരണ ഷോർട്ട് ഫിലിമുകൾ, പോസ്റ്ററുകൾ, മനഃശാസ്ത്രജ്ഞരുടെ കൗൺസിലിങ് സേവനങ്ങൾ, ഹെൽപ്‌ലൈൻ/ഡി-അഡിക്ഷൻ സംവിധാനങ്ങൾ, സംഗീത-നൃത്ത ആവിഷ്കാരങ്ങൾ എന്നിവ സംഘടിപ്പിക്കും. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ, സ്കൂൾ പിടിഎ, സംസ്ഥാന പൊലീസ്-എക്സൈസ് വിഭാഗങ്ങൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാകും പരിപാടികൾ നടപ്പാക്കുക.
യൂറോപ്പിലെ ലഹരിയുടെ ഭീതി കാരണം പ്രവാസികൾ കുട്ടികളെ വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് അയച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സാഹചര്യം മാറിയിരിക്കുന്നുവെന്നും അതിന് പ്രവാസികൾ ഭയക്കുന്നുവെന്നും ഡബ്ല്യുഎംഎഫ് ഫൗണ്ടർ ചെയർമാനും വിയന്നയിലെ വ്യവസായിയുമായ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അഭിപ്രായപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു സ്വാഗതം പറഞ്ഞു.
ഡബ്ല്യുഎംഎഫ് ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവൽ, ഡയറക്ടർ
ബോർഡ് അംഗം ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു. ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരി റോസ്‌ലെറ്റ് നന്ദി പ്രകാശിപ്പിച്ചു.