എട്ടാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർഥാടനം മേയ് 31ന്

ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഏഴു വർഷമായി നടത്തിവരുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർഥാടനം മേയ് 31 ന് നടക്കും. രൂപതയിലെ ലണ്ടൻ, കാന്റർബറി റീജനുകളുടെ നേതൃത്വത്തിലാണ്തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. മേയ് 31 ശനിയാഴ്ച രാവിലെ 11.30 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ ജപമാലപ്രദിക്ഷണം നടക്കും. ഉച്ചക്ക് 1.30 നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികർ ചേർന്ന് അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് ആഘോഷമായ തിരുനാൾ പ്രദിക്ഷണം എന്നിവ നടക്കും. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും. തീർഥാടനത്തോടനുബന്ധിച്ച് തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കർമ്മലമാതാവിന്റെ സവിധത്തിലേക്കു നടക്കുന്ന അനുഗ്രഹീതമായ ഈ മരിയൻ തീർഥാടനത്തിലേക്ക്
എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും തീർഥാടനത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കലും അറിയിച്ചു.