സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞേക്കും, കാരണങ്ങള്‍ പലത്; പ്രവചനവുമായി മോണിങ്സ്റ്റാര്‍ സ്ട്രാറ്റജിസ്റ്റ്

സ്വർണം റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ത്യയില്‍ ഇന്നത്തെ വില 68,480 രൂപയാണ്. തങ്കത്തിന് 74,704 രൂപയുമാണ് വില.

പവന് എഴുപതിനായിരവും കടന്ന് വില പോകുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ സ്വർണത്തിന്റെ വില കുത്തനെ ഇടിഞ്ഞേല്‍ക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

അമേരിക്കൻ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് ആണ് സ്വർണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. സ്വർണ്ണം ഔണ്‍സിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം. നിലവില്‍ ഔണ്‍സിന് 3080 ഡോളറാണ് വില.

ആഗോളതലത്തില്‍ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം, സാമ്ബത്തിക അസ്ഥിരത, പണപ്പെരുപ്പ ആശങ്കകള്‍ എന്നിവയാണ് നിലവില്‍ സ്വർണത്തിന് വില കൂടാൻ കാരണമായത്. ഇതിന് പുറമെ ട്രംപ് വീണ്ടും അധികാരത്തില്‍ ഏറിയതോടെ നടത്തിയ സാമ്ബത്തിക പരീക്ഷണങ്ങളില്‍ ആശങ്കയുള്ള നിക്ഷേപകർ കൂട്ടത്തോടെ സ്വർണം സുരക്ഷിത നിക്ഷേപമായി വാങ്ങിക്കൂട്ടിയതും വില കൂട്ടി.

എന്നാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്നാണ് ജോണ്‍ മില്‍സ് വിലയിരുത്തുന്നത്. വില കുറയുന്നതിനായി മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ജോണ്‍ മില്‍സ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന് നിലവില്‍ സ്വർണത്തിന് ലഭിക്കാവുന്നതിന്റെ ഏറ്റവും ഉയർന്ന വിലയിലാണ് അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പന നടക്കുന്നത്. ഇത് കൂടുതലായി സ്വർണ ഉത്പാദനത്തിന് കാരണമായി. ഒരു വർഷം കൊണ്ട് ആഗോള സ്വർണ്ണ ശേഖരം 9% വർദ്ധിച്ച്‌ 2,16,265 ടണ്ണായി മാറിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ സ്വർണ ഉത്പാദനം വർധിച്ചത്. ഉത്പാദനം വർധിച്ചതോടെ വിപണി നിയന്ത്രിക്കാൻ സാധനത്തിന്റെ വില കുറയും.

രണ്ടാമതായി ആഗോളതലത്തില്‍ സ്വർണത്തിന്റെ ഡിമാന്റ് കുറയുന്നതാണ്. വിവിധ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും വലിയ രീതിയില്‍ സ്വർണം സ്വന്തമാക്കുന്നുണ്ടെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ സ്വർണം ഇതിനോടകം നിക്ഷേപമായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്രബാങ്കുകള്‍ 1045 ടണ്‍ സ്വർണം വാങ്ങിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ സ്വർണം ഇനിയും റിസേർവ് ആയി വാങ്ങിവെക്കാനുള്ള സാധ്യതകള്‍ കുറവാണ്. സാമ്ബത്തികമാന്ദ്യ സാധ്യതയാണ് മൂന്നാമതായി സൂചിപ്പിക്കുന്നത്.

നിലവില്‍ 10 ഗ്രാം തങ്കത്തിന് ഇന്നത്തെ വിപണി വില 89,510 രൂപയാണ് ഇത് 55,496 രൂപയായി കുറയുമെന്നാണ് ജോണ്‍ പറയുന്നത്. ഇത് സത്യമാവുകയാണെങ്കില്‍ ഒരു പവന് സ്വർണത്തിന്റെ വില 42000 രൂപയോളമായി ഇടിയും. അതേസമയം സ്വർണവില വീണ്ടും വർധിക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക, ഗോള്‍ഡ്മാൻ സാച്ച്‌സ് എന്നിവയുടെ വിലയിരുത്തല്‍.

അടുത്ത രണ്ട് വർഷത്തിനുള്ളില്‍ സ്വർണ്ണം ഔണ്‍സിന് 3,500 ഡോളറായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം. അതേസമയം വർഷാവസാനത്തോടെ സ്വർണം ഔണ്‍സിന് 3,300 ഡോളറിലെത്തുമെന്നാണ് ഗോള്‍ഡ്മാൻ സാച്ച്‌സ് വിലയിരുത്തുന്നത്.