യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി റോമിൽ അടിയന്തര യോഗം നടത്തി. യൂറോപ്യൻ യൂണിയനിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും ഞെട്ടൽ സൃഷ്ടിച്ച ട്രംപിന്റെ വ്യാപകമായ താരിഫുകളുടെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി, മുൻകൂട്ടി നിശ്ചയിച്ചിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയാണ് മെലോണി യോഗം വിളിച്ചത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ മതെയോ സൽവിനി, ജാകാർലോ ജോർഗെറ്റി, അഡോൾഫോ ഉർസോ ഫ്രാൻചെസ്കോ ലൊല്ലോബ്രിജിദ, തോമാസോ ഫോത്തി എന്നിവരുൾപ്പെടെയുള്ള മന്ത്രിമാരുടെ ഒരു ‘ടാസ്‌ക് ഫോഴ്‌സും’ പ്രധാനമന്ത്രിയോടൊപ്പം ചർച്ചകളുടെ ഭാഗമായി. ബ്രസൽസിൽ നിന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി യോഗത്തിൽ പങ്കെടുത്തത്. ട്രംപിന്റെ നീക്കം തെറ്റാണെന്നും ആർക്കും പ്രയോജനം ചെയ്യാത്തതാണെന്നും മെലോണി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ലോകമെമ്പാടും ട്രംപ് അവതരിപ്പിച്ച ഇറക്കുമതി താരിഫുകളെ വിമർശിച്ച ആദ്യത്തെ ലോകനേതാക്കളിൽ
ഒരാളാണ് മെലോണി.