യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സല്‍ തീം പാര്‍ക്ക് ബെഡ്ഫോര്‍ഡിൽ

യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സല്‍ തീം പാര്‍ക്ക് യുകെയില്‍ വരുന്നു. ബെഡ് ഫോര്‍ഡിന് സമീപം ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്ന പാര്‍ക്ക് 2031 ഓടു കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിന്റെ നിര്‍മ്മാണത്തിലൂടെ ഏകദേശം 28,000 തൊഴില്‍ അവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്. 476 ഏക്കര്‍ വിസ്തൃതിയുള്ള സമുച്ചയത്തിന് ആദ്യ വര്‍ഷം തന്നെ 8.5 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്ന് കണക്കാക്കുന്നു. യൂണിവേഴ്സല്‍ കമ്പനി നടത്തുന്ന നിക്ഷേപം ബേര്‍ഡ്ഫോര്‍ഡിനെ ആഗോളതലത്തില്‍ തന്നെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാര്‍മര്‍ പറഞ്ഞു. ചാന്‍സലര്‍ റേച്ചല്‍ റീവ്സ്, കോംകാസ്റ്റ് കോര്‍പ്പറേഷന്റെ പ്രസിഡന്റ് മൈക്കല്‍ കവാനി, ബെഡ്‌ഫോര്‍ഡ് ബറോ കൗണ്‍സില്‍ ലോറ ചര്‍ച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവ്, യൂണിവേഴ്‌സല്‍ ഡെസ്റ്റിനേഷന്‍സ് ആന്‍ഡ് എക്‌സ്പീരിയന്‍സ് ചെയര്‍മാനും, സിഇഒ മാര്‍ക്ക് വുഡ്‌ബറി എന്നിവരും പ്രഖ്യാപന സമയത്ത് സന്നിഹിതരായിരുന്നു.

ഈ സൈറ്റ് പൂര്‍ത്തിയാകുമ്പോള്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലുതും നൂതനവുമായ തീം പാര്‍ക്കുകളില്‍ ഒന്നായിരിക്കും എന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഇവിടെ ജോലി ലഭിക്കുന്നവരില്‍ 80% പേരും ബെഡ്‌ഫോര്‍ഡ്, സെന്‍ട്രല്‍ ബെഡ്‌ഫോര്‍ഡ്‌ഷെയര്‍, ലൂട്ടണ്‍, മില്‍ട്ടണ്‍ കെയ്ന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്ന് യൂണിവേഴ്‌സല്‍ ഡെസ്റ്റിനേഷന്‍സ് ആന്‍ഡ് എക്‌സ്പീരിയന്‍സ് പറഞ്ഞു. പദ്ധതി നിലവില്‍ വരുന്നത് യുകെയുടെ നിര്‍മ്മാണ മേഖലകള്‍ക്കും പുത്തനുണര്‍വ് നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റീല്‍ ഉപയോഗിക്കാനുള്ള ധാരണ നിര്‍മ്മാണ കമ്പനികളും സര്‍ക്കാരും തമ്മില്‍ ഉണ്ടായതായി ചാന്‍സിലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. തീം പാര്‍ക്കില്‍ 500 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും ഉള്‍പ്പെടുന്നുണ്ട്. പദ്ധതിക്കായി യൂണിവേഴ്‌സല്‍ ഇതിനകം 476 ഏക്കര്‍ വാങ്ങിയിട്ടുണ്ട്.